‘സത്യഭാമ’ പഴങ്കഥ, ഇനി ‘കുട്ടി കൂടിയേ’; പ്രേമലുവിലൂടെ സഞ്ജിത് ഹെഗ്ഡെ മലയാളത്തിലേക്ക്
Mail This Article
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'സത്യഭാമേ' എന്ന കവർ ഗാനത്തിലൂടെ ശ്രദ്ധേയനായ സഞ്ജിത് ഹെഗ്‌ഡെയാണ് ഗാനം ആലപിച്ചത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രമാണ് 'പ്രേമലു'. നസ്‌ലിൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഗിരീഷ് എ.ഡി, കിരണ്‍ ജോസി എന്നിവർ ചേർന്നാണ് 'പ്രേമലു'വിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലാസംവിധാനം: വിനോദ് രവീന്ദ്രൻ. ഫെബ്രുവരിയിൽ 'പ്രേമലു' പ്രദർശനത്തിനെത്തും.