ADVERTISEMENT

പുലയനാർകോട്ട വൃദ്ധസദനത്തിലെ അന്തേവാസിയായ മീനാക്ഷിയമ്മയുടെ വിയോഗത്തിൽ നൊമ്പരക്കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. തന്റെ എല്ലാ പിറന്നാളുകളും ഓർത്ത് സമ്മാനങ്ങൾ കരുതിവച്ച്, സ്നേഹപൂര്‍വം ആശംസകൾ നേരുന്നയാളായിരുന്നു മീനാക്ഷിയമ്മ. അമ്മയുടെ വിയോഗത്തിൽ താൻ ഏറെ ദുഃഖിക്കുന്നുവെന്നും വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗായകന്റെ എല്ലാ ജന്മദിനവും വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ്. മുൻപൊരിക്കൽ ആഘോഷത്തിനിടെ മീനാക്ഷിയമ്മയ്ക്ക് കേക്ക് മുറിച്ചു കൊടുക്കുന്നതിന്റെ ചിത്രം പങ്കിട്ടാണ് വേണുഗോപാലിന്റെ നൊമ്പരക്കുറിപ്പ്.

‘അങ്ങനെ മീനാക്ഷിയമ്മയും ഇനി ഓർമകളിൽ മാത്രം. പുലയനാർകോട്ട ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്നു മീനാക്ഷിയമ്മ. സസ്നേഹം ജി.വേണുഗോപാൽ ഫൗണ്ടേഷൻ അവിടെ നടത്തിപ്പോരുന്ന സർവ പ്രവർത്തനങ്ങളിലും ഞങ്ങളുടെ അഭ്യുദയകാംക്ഷി മാത്രമല്ല, അവിടെയുള്ള എല്ലാ അന്തേവാസികളേയും കോർത്തിണക്കി സജീവമായി മുന്നിൽ നിന്നിരുന്ന വ്യക്തിയായിരുന്നു മീനാക്ഷിയമ്മ. ഡിസംബർ പത്തിന് ദിവസങ്ങൾ മുന്നേ അവർ അന്വേഷിച്ചു തുടങ്ങും, "പത്താം തീയതി വേണുമോന്റെ പിറന്നാളല്ലേ, ഇത്തവണ എന്തൊക്കെയാണ് പരിപാടികൾ?" കേക്ക് മുറിച്ച് ആദ്യ കഷ്ണം എനിക്ക് തരാനും മുന്നിൽ നിന്ന് പാട്ട് പാടാനും വെള്ള തോർത്തിൽ നൂൽ കൊണ്ട് ചിത്രപ്പണികൾ ചെയ്ത് എനിക്ക് സമ്മാനിക്കാനും ഇനി മീനാക്ഷിയമ്മ ഇല്ല. 

കഴിഞ്ഞ രണ്ട് വർഷമായി "സസ്നേഹം" പരിപാടികൾക്കു സദസ്സിൽ വന്നിരിക്കാൻ മോശമായി വരുന്ന ആരോഗ്യം മീനാക്ഷിയമ്മയെ സമ്മതിച്ചിരുന്നില്ല. ഞങ്ങൾ അമ്മയെ മുറിയിൽ പോയി കാണുകയായിരുന്നു പതിവ്. സസ്നേഹത്തിന്റെ അംഗങ്ങളുടെ വക ഒരു സദ്യ ഒരുക്കാനായി രണ്ട് മാസം മുൻപ് വൃദ്ധസദനത്തിൽ എത്തിയപ്പോഴായിരുന്നു മീനാക്ഷിയമ്മയെ അവസാനമായി കാണുന്നത്. ഓരോ പ്രാവശ്യവും എന്നെ കാണുമ്പോഴും ആ കണ്ണുകളിലെ തിളക്കം, വാത്സല്യത്തിന്റെ തിരയിളക്കം, ഞങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞതാണ്. മീനാക്ഷിയമ്മയുടെ ആത്മാവിന് മോക്ഷപ്രാപ്തിക്കായ് പ്രാർഥിക്കുന്നു’, ജി.വേണുഗോപാൽ കുറിച്ചു.

English Summary:

Singer G Venugopal's emotional note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com