രാജസ്ഥാൻ: സിപിഎമ്മിന് 2 സീറ്റും നഷ്ടമായി; ഭാദ്രയിൽ തോൽവി 1132 വോട്ടിന്
Mail This Article
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റും ജയിക്കാനായില്ല. നിലവിൽ 2 സീറ്റുണ്ടായിരുന്നു– ദുംഗാർഗഡിൽ നിന്ന് ഗിർധർലാൽ മഹിയയും ഭാദ്രയിൽനിന്ന് ബൽവാൻ പൂനിയയും. ഇത്തവണ ദുംഗാർഗഡിൽ ബിജെപിയുടെ താരാചന്ദ് (ആകെ വോട്ട് 65,690) ആണ് വിജയിച്ചത്.
കോൺഗ്രസിന്റെ മംഗ്ലരാം ഗോദരയ്ക്കും (ആകെ വോട്ട് 57,565) പിന്നിൽ മൂന്നാം സ്ഥാനത്താണ് ഗിർധർലാൽ മഹിയ (ആകെ വോട്ട് 56,498). ഭാദ്രയിൽ ബൽവാൻ പൂനിയ ബിജെപിയുടെ സഞ്ജീവ് കുമാറിനോട് 1132 വോട്ടുകൾക്ക് പരാജയപ്പെട്ടു. സഞ്ജീവ് കുമാറിന് 1,02,748 വോട്ട് ലഭിച്ചപ്പോൾ പൂനിയ 1,01,616 വോട്ട് നേടി.
സിപിഎം സംസ്ഥാന സെക്രട്ടറി ആംറാ റാം ദാന്താ രാംഗഡ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തെത്തി (ആകെ വോട്ട് 20,891). കോൺഗ്രസിന്റെ വിരേന്ദ്ര സിങ് (ആകെ വോട്ട് 99,413) ആണ് വിജയി. ബിജെപിയുടെ ഗജാനന്ദ് കുമാവത് രണ്ടാം സ്ഥാനത്തും (ആകെ വോട്ട് 91,416). 1977 ൽ ആണ് ഒരു സീറ്റ് നേടി സിപിഎം രാജസ്ഥാൻ നിയമസഭയിലെത്തുന്നത്. അതിനുശേഷം 1985 ലും 2013 ലും പ്രാതിനിധ്യം ലഭിച്ചില്ല.