ADVERTISEMENT

ന്യൂഡൽഹി ∙ ജൂൺ 18ന് നടന്ന യുജിസി–നെറ്റ് പരീക്ഷയുടേതായി ടെലിഗ്രാം ചാനലുകളിൽ പ്രചരിച്ച ചോദ്യക്കടലാസ് വ്യാജമായി ചമച്ചതെന്നു സിബിഐ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു സ്കൂൾ വിദ്യാർഥിയെ പ്രതിചേർത്ത് ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് വിവരം. പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നിരുന്നില്ലെന്നു വ്യക്തമാക്കുന്നതാണു പുതിയ കണ്ടെത്തലുകൾ. 

ചോദ്യങ്ങൾ ചോർന്നുവെന്ന സംശയത്തെത്തുടർന്നു തൊട്ടടുത്ത ദിവസം പരീക്ഷ റദ്ദാക്കുകയും അന്വേഷണം സിബിഐക്കു കൈമാറുകയുമായിരുന്നു. പരീക്ഷ കഴിഞ്ഞതിനു തൊട്ടു പിന്നാലെ വിദ്യാർഥി വ്യാജ ചോദ്യക്കടലാസ് തയാറാക്കുകയും ജൂൺ 17ന് പോസ്റ്റ് ചെയ്തെന്ന രീതിയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ ചോദ്യക്കടലാസ് കൈവശമുണ്ടെന്നു പ്രചരിപ്പിച്ചു പണം തട്ടുകയും ചെയ്തു. 

കഴിഞ്ഞ മാസം 25 മുതൽ 27 വരെ നിശ്ചയിച്ചിരുന്ന ജോയിന്റ് സിഎസ്ഐആർ– യുജിസി നെറ്റ് പരീക്ഷയും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റി. ജോയിന്റ് സിഎസ്ഐആർ– യുജിസി നെറ്റ് പരീക്ഷ ജൂലൈ 25 മുതൽ 27 വരെയും യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയുമായി നടത്താനാണു പുതിയ തീരുമാനം. നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ചയുടെ സൂത്രധാരന്മാരിൽ ഒരാളെന്ന് കരുതുന്ന ബിഹാർ നളന്ദ സ്വദേശി രാകേഷ് രഞ്ജനെ ഇന്നലെ സിബിഐ പിടികൂടിയിട്ടുണ്ട്.

ഹർജികൾ 18ന്

നീറ്റ്– യുജി ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ 18നു പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാരും ദേശീയ പരീക്ഷ ഏജൻസിയും നൽകിയ സത്യവാങ്മൂലം പല കക്ഷികൾക്കും ലഭിക്കാൻ വൈകിയതാണ് ഹർജികൾ മാറ്റാൻ കാരണം.

ഫലത്തിൽ, പരീക്ഷയെഴുതിയ 24 ലക്ഷത്തോളം വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആശങ്ക തുടരും. നീറ്റ് യുജിയിൽ വലിയ തോതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് ഐഐടി മദ്രാസിന്റെ പരിശോധന റിപ്പോർട്ട് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്.

English Summary:

CBI says question paper not leaked of UGC-NET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com