ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബ്രിട്ടിഷ് പൗരത്വ വിഷയം സിബിഐ അന്വേഷിക്കുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഈ വിഷയത്തിൽ അലഹാബാദ് ഹൈക്കോടതിയിലുള്ള ഹർജിയിൽ സിബിഐ അന്വേഷണം ആരംഭിച്ചതായി ഹർജിക്കാരനാ യ കർണാടക ബിജെപി അംഗം വിഗ്നേഷ് ശിശിറാണു ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. 

രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര വകുപ്പിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് വിഗ്നേഷ് ശിശിർ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഈ കേസിൽ സിബിഐക്കു മുന്നിൽ ഹാജരാകുകയും തെളിവുകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷണഘട്ടത്തിലാണ്. അലഹാബാദ് ഹൈക്കോടതിയുടെ നടപടികൾ വളരെ പുരോഗമിച്ച നിലയിലാണ്’– വിഗ്നേഷ് വ്യക്തമാക്കി. 

ഒരേ വിഷയം 2 കോടതികളിൽ സമാന്തരമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നു കോടതി പരാമർശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗഡേല എന്നിവരുടെ ബെഞ്ച് നിർദേശം നൽകി. ഡിസംബർ 6നു വീണ്ടും പരിഗണിക്കും. 

യുകെ ആസ്ഥാനമായുള്ള ബാക്ഓപ്സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണു രാഹുലെന്നും കമ്പനിയുടെ 2005, 2006 വാർഷിക റിപ്പോർട്ടിൽ രാഹുൽ ബ്രിട്ടിഷ് പൗരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നുവെന്നും കാട്ടിയാണു  സ്വാമി ഹർജി നൽകിയത്.

English Summary:

Disclosure in court that CBI is probing Rahul Gandhi's British citizenship issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com