ആരാധനാലയ നിയമം: ഇന്ത്യാസഖ്യം ഇടപെടൽ ഹർജി നൽകിയേക്കും

Mail This Article
ന്യൂഡൽഹി ∙ ആരാധനാലയ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ ഒന്നിച്ച് ഇടപെടൽ ഹർജി നൽകാൻ നീക്കം. മുസ്‌ലിം ലീഗ്, സിപിഎം, ഡിഎംകെ തുടങ്ങിയ പാർട്ടികൾ നേരത്തേ വെവ്വേറെ ഹർജി നൽകിയിരുന്നു. ഇതിനു പുറമേ, സഖ്യത്തിന്റെ പേരിലും ഇടപെടൽ ഹർജി നൽകാനാണ് ആലോചന. നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഉൾപ്പെടെ 6 പേർ നൽകിയ ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ ഇടപെടൽ ഹർജി പ്രധാന ഹർജികൾക്കൊപ്പം പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. ഫെബ്രുവരി 17നാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ ഹർജി പരിഗണിച്ച കോടതി വാരാണസിയിലെ ഗ്യാൻവാപി, ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ് ഗാഹ്, ചന്ദൗസിയിലെ ഷാഹി ജമാ മസ്ജിദ് തുടങ്ങി വിവിധ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ ഒരു തരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കരുതെന്ന് നിർദേശിച്ചിരുന്നു. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചു പുതിയ ഹർജികൾ റജിസ്റ്റർ ചെയ്യുന്നതും തടഞ്ഞു.