മുസ്‌ലിം വ്യക്തിനിയമം: ജന്തർ മന്തറിൽ വി.പി. സുഹ്റയുടെ പ്രതിഷേധം

Mail This Article
ന്യൂഡൽഹി ∙ മുസ്‌ലിം വ്യക്തിനിയമം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും ‘നിസ’ സംഘടന പ്രസിഡന്റുമായ വി.പി.സുഹ്റ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ചു. അനിശ്ചിതകാലത്തേക്കുള്ള സമരമാണു തുടങ്ങിയതെങ്കിലും അനുവദിച്ച സമയം കഴിഞ്ഞും പ്രതിഷേധം തുടർന്നതിനാൽ സുഹ്‍റയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് സമയം നൽകിയിരുന്നത്.
ഇതിനു പുറമേ 2 മണിക്കൂർ കൂടി അനുവദിച്ചു. എന്നാൽ, ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമാകാതെ ജന്തർ മന്തറിൽനിന്നു മടങ്ങില്ലെന്ന് സുഹറ നിലപാടെടുത്തു. തുടർന്നാണു സുഹ്റയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. പിന്നാലെ വിട്ടയച്ചു.
ധർണയിരിക്കാൻ നിയമതടസ്സമുള്ളതിനാൽ താൽക്കാലികമായി സമരം നിർത്തിവയ്ക്കുന്നതായി സുഹ്റ പറഞ്ഞു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണദേവിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഒരുക്കാൻ ശ്രമിക്കാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഫോണിൽ വിളിച്ചറിയിച്ചതായി സുഹ്‌റ പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കാണാനും ശ്രമിക്കുന്നുണ്ട്. സിപിഐ നേതാവ് ആനി രാജ സുഹ്റയെ പിന്തുണച്ച് ജന്തർ മന്തറിലെത്തി. സിപിഎം പിബി അംഗം വൃന്ദ കാരാട്ടും സുഹ്റയ്‌ക്ക് പിന്തുണ നൽകി.
പിന്തുടർച്ചാവകാശം സ്ത്രീക്കും പുരുഷനും തുല്യമാക്കുക, സ്വത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാൻ മക്കൾക്കോ മറ്റ് അടുത്ത ബന്ധുക്കൾക്കോ വിൽപത്രം എഴുതിവയ്ക്കാനുള്ള അവകാശം മുസ‍്‍ലിംകൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സുഹ്റ മുന്നോട്ടുവച്ചത്.