ചിരിയുടെ നായകനാർ!

Mail This Article
ചിരിയിലും ചിന്തയിലും വാക്കിലും നടപ്പിലുമെല്ലാം കേരളം കണ്ടിട്ടുണ്ട് നായനാർ ശൈലി. ചിട്ടകളിൽ കുട്ടികളെപ്പോലെ വാശിക്കാരനായിരുന്നു നായനാർ. സന്തോഷം വന്നാൽ കുട്ടികളെപ്പോലെ പരിസരം മറന്നു പൊട്ടിച്ചിരിക്കുകയും, മനസ്സു നൊന്താൽ കുട്ടികളെപ്പോലെ വാവിട്ടു കരയുകയും ചെയ്തിരുന്ന നേതാവ്. നായനാർ ജീവിതത്തിലെ കൗതുകങ്ങളിലൂടെ...
മനസ്സിലുള്ളതേ മുഖത്തുണ്ടാകൂ
മനസ്സിൽ തോന്നുന്നതു വെട്ടിത്തുറന്നു പറയുന്നതായിരുന്നു നായനാർ ശീലം. ഇഎംഎസ് അന്തരിച്ച സമയം. ഇഎംഎസിന്റെ ഭാര്യ ആര്യ അന്തർജനത്തെ കാണാൻ രാഷ്ട്രപതി കെ.ആർ.നാരായണൻ പോയപ്പോൾ നായനാരും അനുഗമിച്ചു. സമയം കുറേയായിട്ടും രാഷ്ട്രപതി ഇറങ്ങുന്നില്ല. നായനാർക്ക് ഏറ്റുപോയ മറ്റു പരിപാടികളുണ്ട്. ക്ഷമകെട്ടു നായനാർ രാഷ്ട്രപതിയോടു പറഞ്ഞു– ‘‘നിങ്ങൾ ഇവിടെ നിന്നു തിരിയുകയാണോ, പോകണ്ടേ, എനിക്കു വേറെ പരിപാടിയുണ്ട്’’.

2001ൽ മുഖ്യമന്ത്രി പദമൊഴിഞ്ഞ സമയം. തിരുവനന്തപുരം വിമാനത്താവളത്തിലെ വിഐപി മുറിയിലെത്തുമ്പോൾ അവിടെ വിശ്വഹിന്ദു പരിഷത് നേതാവ് അശോക് സിംഗൾ മാധ്യമ സമ്മേളനം നടത്തുന്നു. നായനാർ ഇരിക്കാറുള്ള കസേരയിലാണു സിംഗളിന്റെ ഇരിപ്പ്. കസേര മാറിയിരിക്കേണ്ടി വന്നതു നായനാർക്കു പിടിച്ചില്ല. അതിന്റെ ദേഷ്യം വലിയ ശബ്ദത്തിൽ പുറത്തുവന്നു–‘‘ ഓൻ അമ്പലം പണിയാൻ നടക്കുകയാണ്, അതു യുപിയിൽ മതി, ഇവിടെ വേണ്ട’’. സിംഗാളിനൊപ്പമുണ്ടായിരുന്ന കുമ്മനം രാജശേഖരൻ ഇടപെട്ടെങ്കിലും പറഞ്ഞത് ഒരിക്കൽകൂടി ഉറക്കെത്തന്നെ പറഞ്ഞിട്ടേ നായനാർ എഴുന്നേറ്റുള്ളൂ.
ഡൽഹിക്ക് ബസിൽ പോയാലെന്താ
എ.കെ.ആന്റണി പ്രത്യേക വിമാനത്തിൽ ഡൽഹിക്കു പോയത് അധികച്ചെലവാണെന്നു വിമർശിച്ചുകൊണ്ട് എറണാകുളത്തെ യോഗത്തിൽ നായനാർ പ്രസംഗിക്കുന്നു. ഇങ്ങനെ വിമാനത്തിൽ പോയി ലക്ഷങ്ങൾ പൊടിക്കാതെ ആന്റണിക്കു ബസിൽ പോയാൽ പോരേ എന്നു നായനാരുടെ ചോദ്യം. ഉടനെ അധ്യക്ഷൻ എം.എം.ലോറൻസ് ഇടപെട്ടു തിരുത്തി– ഇവിടെനിന്നു ഡൽഹിക്കു ബസില്ല. അബദ്ധം പിണഞ്ഞെന്നു മനസ്സിലായെങ്കിലും നായനാർ വിട്ടുകൊടുത്തില്ല. ഇതിലെ ഓടുന്ന പൊട്ട ബസിന്റെ കാര്യമല്ല, താൻ പറഞ്ഞത് എയർ ബസിന്റെ കാര്യമാണെന്നായി നായനാർ. സദസ്സിൽ കൂട്ടച്ചിരി.
നാട്ടുകാരുടെയും വീട്ടുകാരൻ
വീട്ടിൽ പൊതുകാര്യത്തിനു സന്ദർശകരെ അനുവദിക്കില്ലെന്നും അതു തന്റെ സ്വകാര്യ സ്ഥലമാണെന്നുമുള്ളതായിരുന്നു എന്നും നായനാരുടെ നിലപാട്. എന്നാൽ സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ വീട്ടുകാരോടു പിശുക്കുന്ന നായനാർ നാട്ടുകാർക്ക് അതു വേണ്ടുവോളം കൊടുത്തിരുന്നു. ക്ലിഫ് ഹൗസിൽ താമസിക്കുന്ന കാലത്തു കാലിൽ അണുബാധയുണ്ടായി താൻ കിടന്നപ്പോൾ, അസുഖ വിവരം തിരക്കി 2 മണിക്കൂറോളം നായനാർ അടുത്തിരുന്നെന്നും 46 വർഷം നീണ്ട ദാമ്പത്യത്തിൽ തന്നെക്കുറിച്ചു മാത്രം നായനാർ ആധിപൂണ്ട കുറച്ചു സമയം അതായിരുന്നെന്നും ഭാര്യ ശാരദ ടീച്ചർ ഓർമിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ എതിരാളികളുടെ പോലും അസുഖ വിവരമറിഞ്ഞാൽ ഓടിയെത്തിയിരുന്നു നായനാർ.
കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന് അസുഖം വന്നു വിദേശ ചികിത്സയ്ക്കു കൊണ്ടുപോകാൻ തീരുമാനിച്ച സമയത്തു കരുണാകരന്റെ വീട്ടിൽ ഓടിയെത്തിയിട്ടുണ്ട് നായനാർ. നിനക്ക് അസുഖമാണെന്നു പറഞ്ഞതു കരുണാകരനാണെങ്കിൽ അതു നുണയായിരിക്കുമെന്നും, അയാൾ സത്യം പറയാറില്ലെന്നുമുള്ള നായനാരുടെ ഫലിതത്തിൽ അസുഖത്തിന്റെ വേദന മറന്ന കഥ പത്മജ ഓർമിച്ചിട്ടുണ്ട്. അസുഖമില്ലെന്നു വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയതു മറ്റൊരു കൗതുകം.
ആൾക്കൂട്ടത്തിനു മധ്യേ
1980ൽ മുഖ്യമന്ത്രിയായിരുന്ന സമയം. ഡൽഹിയിൽ സിപിഎം കേന്ദ്രകമ്മിറ്റി യോഗം കഴിഞ്ഞ് ഒരു പാർട്ടി യോഗത്തിനായി നായനാർ മംഗളൂരുവിലേക്കു പോയി. തിരിച്ചു കോഴിക്കോട്ടേക്കു ട്രെയിൻ കയറിയതാണ്. പിന്നീട് നായനാരെക്കുറിച്ചു വിവരമില്ല. ഡൽഹിയിൽ പാർട്ടി യോഗം കഴിഞ്ഞു നേതാക്കളെല്ലാം കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രി എവിടെയെന്ന് അന്വേഷണമായി. പൊലീസ് ട്രെയിൻ പരിശോധന തുടങ്ങി. ഒടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പരിശോധിക്കുമ്പോൾ, ദാ ഇരിക്കുന്നു, മുഖ്യമന്ത്രി ജനറൽ കംപാർട്മെന്റിൽ. ഒപ്പമുള്ള യാത്രക്കാരോടൊക്കെ വർത്തമാനം പറഞ്ഞു പൊട്ടിച്ചിരിച്ചിരിക്കുകയാണ്. ഇവിടെയിരിക്കുന്നതു സുരക്ഷിതമല്ലെന്നും ഫസ്റ്റ് ക്ലാസിലേക്കു മാറണമെന്നും പൊലീസ് അഭ്യർഥിച്ചു. അതിനു നായനാരുടെ മറുപടി ഇങ്ങനെ– ‘‘ദാ ഈ ചുറ്റും ഇരിക്കുന്നവരൊക്കെയാണ് എന്റെ സെക്യൂരിറ്റിക്കാർ, ഞാൻ മാറുന്നില്ല’’
1983ൽ മഞ്ചേരിയിൽ ഒരു തിരഞ്ഞെടുപ്പു പ്രചാരണകാലം. താമസം ഹോട്ടലിൽ. ഇതേ ഹോട്ടലിൽ താമസിക്കുന്ന ഗാനമേള ട്രൂപ്പ് പരിചയപ്പെടാനെത്തി. ഒരു പാട്ടു പാടണമെന്നായി നായനാർ. പിന്നെ, അദ്ദേഹത്ഥിന്റെ മുറി ഒരു ഗാനമേളാ വേദിയായി മാറി.
വെള്ളത്തിൽ ചാടിയാൽ എന്തു കിട്ടും?
ഹാസ്യ പരിപാടികളോടുള്ള ഇഷ്ടം കൊണ്ട് ടിവി പരിപാടികൾ സമയം കിട്ടുമ്പോഴെല്ലാം കാണും. ഇടയ്ക്കു പരസ്യം വരുമല്ലോ. സോപ്പിന്റെ പരസ്യത്തിൽ മോഡലുകൾ കുളക്കരയിലെത്തുന്ന രംഗം കാണുമ്പോൾ ഉറക്കെ നായനാരുടെ കമന്റ് വരും. ഓള് വെള്ളത്തിൽ ചാടാൻ പോവുകയാ. എന്നിട്ടു തിരിഞ്ഞു ഭാര്യ ശാരദ ടീച്ചറോടു ചോദിക്കും, ഓൾക്കു വെള്ളത്തിൽ ചാടിയാൽ വല്ലതും കിട്ടുമോ? 1000 രൂപയെങ്കിലും കിട്ടുമെന്നു ടീച്ചറുടെ മറുപടി. എന്നാൽ നിനക്കും ചാടിക്കൂടേ, ഇവിടെ വെറുതെയിരിക്കുകയല്ലേ എന്ന തമാശ പൊട്ടിച്ചു ചിരി തുടങ്ങും.

ഐ റീഡ്, യു വിൽ റിപ്പീറ്റ്
മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാൻ ഗവർണർക്കു മുൻപിൽ നായനാർ നിൽക്കുന്നു. സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതിനു മുൻപു ഗവർണർ നായനാരോട്: ഐ റീഡ്, യു വിൽ റിപ്പീറ്റ് (ഞാൻ വായിക്കും, നിങ്ങൾ ഏറ്റുപറയണം). നായനാർ ഉടൻ ഗാംഭീര്യത്തോടെ: ഐ റീഡ്, യു വിൽ റിപ്പീറ്റ്...
തങ്കമ്മയും നരസിംഹവും
മുൻ ലോക്‌സഭാ സ്‌പീക്കർ പി.എ.സാങ്‌മയെ നായനാർ ഒരിക്കൽ വിളിച്ചത് ‘തങ്കമ്മ’യെന്നാണ്. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനെ ‘നരസിംഹ’മെന്നും വിളിച്ചിട്ടുണ്ട് നായനാർ.

കവിത വായിച്ചാൽ വിവരമുണ്ടാകുവോ...
പത്തനംതിട്ട തിരുവല്ലയ്‌ക്കടുത്തു വെണ്ണിക്കുളം പോളിടെക്‌നിക്കിന്റെ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങ്. ആണവ നിലയത്തെ എതിർക്കുന്നവർക്കെതിരെ നായനാർ ആഞ്ഞടിക്കുകയാണ്: അണുനിലയമെന്നൊക്കെ പറയുമ്പൊ, പണ്ടെന്നോ ചെർണോബിൽ കുറെപ്പേർ ചത്തെന്നു പറഞ്ഞു പരിസ്‌ഥിതിവാദികൾ കവിതകളുമായി ചാടിവീഴും. അല്ലെങ്കിൽത്തന്നെ നമുക്കു വിവരം കുറവാ. കവിത വായിച്ചാൽ വിവരമുണ്ടാകുവോടോ?
തിരിഞ്ഞൊന്നു നോക്കിയപ്പോൾ കണ്ടതു വേദിയിലിരിക്കുന്ന എംഎൽഎ കൂടിയായ കവി കടമ്മനിട്ട രാമകൃഷ്‌ണനെ!അബദ്ധം പറ്റിയെന്നു മനസ്സിലായപ്പോൾ നായനാർ ഉടൻ പ്ലേറ്റ് മാറ്റി: കടമ്മനിട്ട നമ്മടെ ആളാ. ഓൻ ഡിപ്പാർട്മെന്റ് വേറെയാ. ഓൻ കാട്ടാളനുമൊക്കെയായി ഇങ്ങനെ നടന്നോട്ടെ....
തെങ്ങിൽ നിന്നു വീണ് മരിച്ചെന്നു കരുതി...
ആണവനിലയം അപകടകരമാണെന്നു പറഞ്ഞവരോടു നായനാർ പറഞ്ഞു: തെങ്ങിൽ കയറുമ്പോൾ എത്രയാളുകൾ വീണു മരിച്ചിട്ടുണ്ട്. എന്നു കരുതി ആരെങ്കിലും തെങ്ങുകയറ്റം നിർത്തിയിട്ടുണ്ടോ?

അമേരിക്കയിൽ കമ്യൂണിസ്‌റ്റുകാരോ?
ഒരാഴ്‌ചത്തെ അമേരിക്കൻ പര്യടനം കഴിഞ്ഞു തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ നായനാരോടു പത്രലേഖകർ ചോദിച്ചു: അമേരിക്കൻ കമ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തകരെ കണ്ടോ? മറുപടി ഉടൻ വന്നു: അമേരിക്കയിൽ കമ്യൂണിസ്‌റ്റുകാരോ? ഞാനാരെയും കണ്ടില്ല. അവിടെന്തു രാഷ്‌ട്രീയം. അവിടൊക്കെ ആൾക്കാർക്കു വലിയ തിരക്കാ. നമ്മളെപ്പോലെ രാഷ്‌ട്രീയത്തിനൊന്നും സമയമില്ല...

സുശീലാ ഗോപാലൻ മരിച്ചത് ബീഡി വലിച്ചിട്ടാണോ?...
പ്രതിപക്ഷ നേതാവായിരിക്കെ 1986ൽ നായനാർ ബീഡിവലി നിർത്തിയെന്നാണു സങ്കൽപം. ആ സങ്കൽപത്തിനു പിന്നിലെ കഥ ഇതാണ്. 86ൽ കലശലായ പനിയുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടക്കുകയാണ്. പനിയുടെ കാരണം കണ്ടെത്താനാകുന്നില്ല. നായനാരാണെങ്കിൽ ആശുപത്രിവാസം കൊണ്ടും എന്തു പനിയാണെന്നറിയാത്ത ആശങ്ക കൊണ്ടും തളർന്നു. അന്നു പ്രഖ്യാപിച്ചു– 45 വർഷമായി ഒപ്പമുണ്ടായിരുന്ന പ്രേയസിയെ പിരിയുന്നു, പുകവലി നിർത്തി. എന്നാൽ അവസാന നാളുകൾ വരെ അതീവ രഹസ്യമായി പുകവലി തുടർന്നിരുന്നു എന്ന താണു സത്യം. ശീലങ്ങൾ നല്ലതായാലും ചീത്തയായാലും അവ വഴിയിലുപേക്ഷിക്കാൻ നായനാർ തയാറായിരുന്നില്ല.അവസാന നാളുകളിൽ ആശുപത്രിക്കിടക്കയിൽ നായനാർ ബീഡി ചോദിച്ചിട്ടു കൊടുക്കാതെ മാറ്റിവച്ചത് ഇന്നും തനിക്കു വേദനയാണെന്നു ശാരദ ടീച്ചർ എഴുതിയിട്ടുണ്ട്. അന്നു മാറ്റിവച്ച ബീഡിപ്പൊതി ഇപ്പോഴും ടീച്ചർ സൂക്ഷിക്കുന്നുണ്ട്.
ഒളിവു ജീവിതകാലത്തെ ശീലമായിരുന്നു ബീഡി. കണ്ണൂരിൽ ദിനേശ് ബീഡി യൂണിറ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ ബീഡി വലിയെപ്പറ്റി നായനാരുടെ ഒരു പ്രസംഗമുണ്ട്: എന്റെ സഖാക്കൾ ബീഡിയുണ്ടാക്കുന്നു. ആ ബീഡി ഞാൻ വലിക്കുന്നു. ഡോക്‌ടർമാർ എന്നോടു പറയുന്നുണ്ട് ബീഡി വലിക്കരുത്, അസുഖം വരും എന്നൊക്കെ... സുശീലാ ഗോപാലൻ മരിച്ചതു ബീഡി വലിച്ചിട്ടാണോ?

ഉള്ളിലെപ്പോഴും കുട്ടി
ഹൃദയത്തിലെ ബ്ലോക്കിനെക്കുറിച്ചു ബന്ധുക്കൾ ആശങ്കപ്പെടുമ്പോഴൊക്കെ തനിക്കു പതിനാറുകാരന്റെ ഹൃദയമാണെന്നു നായനാർ പറയും. ഹൃദയം പതിനാറിന്റേതാണെങ്കിൽ, പ്രകൃതം പലപ്പോഴും അതിലും കുട്ടിത്തമുള്ളതായിരുന്നു. നിയമസഭയിൽ പോകുമ്പോൾ ഇടക്കിടെ ജീരകവെള്ളം കുടിക്കണം.
നഴ്സറി കുട്ടികൾ ഉപയോഗിക്കുന്ന ഫ്ലാസ്കിലാണു ജീരകവെള്ളം കരുതിയിരുന്നത്. ദാഹിക്കുമ്പോൾ ആരും കാണാതെ കുനിഞ്ഞിരുന്നു സ്ട്രോ ഉപയോഗിച്ചു വെള്ളം കുടിക്കും. സഭയിൽ തൊട്ടടുത്തുണ്ടായിരുന്ന കെ.ആർ.ഗൗരിയമ്മ ഈ വെള്ളം കുടി കണ്ടു നഴ്സറി എന്നു കളിയാക്കുമായിരുന്നു.

വാ വിട്ട വാക്കുകൾ പുലിവാലായപ്പോൾ
തമാശ പറഞ്ഞു പുലിവാലു പിടിച്ച സന്ദർഭങ്ങളുമുണ്ട് നായനാർക്ക്. കോഴിക്കോട് ഐസ്‌ക്രീം പാർലർ പെൺവാണിഭത്തിന്റെ കഥകൾ പത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാലം. ആയിടെ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൂറ്റൻ പൊതുസമ്മേളനം കടപ്പുറത്തു നടക്കുന്നു. ഉദ്‌ഘാടകനായ നായനാർ വേദിയിൽ കത്തിക്കയറുകയാണ്: പെൺവാണിഭത്തിന്റെ പേരിലാണ് ഇവിടെ ബഹളം. എവടാ പെൺവാണിഭമില്ലാത്തത്? പെണ്ണുങ്ങളുള്ളിടത്തെല്ലാം പെൺവാണിഭവുമുണ്ടാകും...
ഒരിക്കൽ കേരളത്തിലെ ബലാൽസംഗക്കേസുകളെക്കുറിച്ചു സംസാരിക്കുന്നതിനിടെ നായനാർ പറഞ്ഞു: അമേരിക്കയിൽ ചായ കുടിക്കും പോലെയല്ലേ ബലാൽസംഗങ്ങൾ നടക്കുന്നത്?
English Summary: EK Nayanar centenary