നായനാർ വീണ സ്ഥലം കണ്ടെത്താനെടുത്തത് 6 മാസം

Mail This Article
1987ൽ നായനാർ മുഖ്യമന്ത്രിയായിരിക്കെ ടി.കെ.ഹംസയായിരുന്നു പൊതുമരാമത്ത് മന്ത്രി. ഒരിക്കൽ നായനാർ ഹംസയെ വിളിച്ചു പറഞ്ഞു, ഞാൻ വീണ സ്ഥലത്തു പാലം പണിയണം. മാസങ്ങൾക്കുശേഷം പാലം പണിയെക്കുറിച്ചു ഹംസയോടു നായനാർ തിരക്കി. സഖാവ് വീണ സ്ഥലത്തു പാലം പണിയണമെന്നു മാത്രമല്ലേ പറഞ്ഞിരുന്നത്, വീണ സ്ഥലം കണ്ടെത്താൻ 6 മാസമെടുത്തു. ഇനി വൈകാതെ പാലം പണി തുടങ്ങും– ഇതായിരുന്നു മറുപടി. കാസർകോട്ടെ കുന്നുകൈയിലാണു നായനാർ വീണ സ്ഥലം.
ഒരു തിരഞ്ഞെടുപ്പു കാലത്തു സഹപ്രവർത്തകരോടൊപ്പം ജീപ്പിൽ യാത്ര ചെയ്യുമ്പോൾ അൽപം സാഹസികത കാണിച്ചതാണ്. വേനൽകാലത്തു വെള്ളം കുറവായിരുന്ന പുഴ കുറുകെ കടന്നു ജീപ്പോടിക്കാൻ ഡ്രൈവർ മടിച്ചപ്പോൾ നായനാർ സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുത്തു. ജീപ്പ് മറിഞ്ഞു, തുടയെല്ലിനു പരുക്കേറ്റ നായനാർ 2 മാസമാണ് ആശുപത്രിയിൽ കിടന്നത്. ഇവിടെ നിർമിച്ച പാലം 1991ൽ നായനാർ തന്നെ ഉദ്ഘാടനം ചെയ്തു.
തോൽവി കടന്നപ്പള്ളിയോട്
എകെജി നെഹ്റുവിനെ മത്സരിക്കാൻ വെല്ലുവിളിച്ച ലോക്സഭാ മണ്ഡലമാണു കാസർകോട്. പാർട്ടിക്ക് അത്രയും ഉറപ്പുണ്ടായിരുന്ന മണ്ഡലം. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞപ്പോൾ 1971ൽ ഈ മണ്ഡലത്തിൽ ഇ.കെ.നായനാർ രാമചന്ദ്രൻ കടന്നപ്പള്ളിയോടു തോറ്റു. ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകളിൽ എകെജി വിജയിച്ച ഈ മണ്ഡലത്തിലെ തോൽവിയാണു നായനാർ നേരിട്ട തിരഞ്ഞെടുപ്പുകളിലെ ഏക തോൽവി. 1967ൽ എകെജി നേടിയ ഭൂരിപക്ഷം 118510. അതുകൊണ്ടു നായനാർ പാട്ടുംപാടി ജയിക്കുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റുമാരെ ചാവേറാക്കുന്ന രീതി പിന്തുടർന്നാണ്, സിപിഎമ്മിനു മൃഗീയ ഭൂരിപക്ഷമുള്ള കാസർകോട്ട് അന്നത്തെ കെഎസ്‌യു പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളിയെ കോൺഗ്രസ് ഇറക്കിയത്. 28404 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണു കടന്നപ്പള്ളി നായനാരെ തറ പറ്റിച്ചത്. അതേ കടന്നപ്പള്ളി പിന്നീടു നായനാർ നേതൃത്വം നൽകിയ ഇടതുമുന്നണിയുടെ ഭാഗമായതും ഇടതു സ്ഥാനാർഥിയായതും രാഷ്ട്രീയ കൗതുകം. എന്നാൽ അതിനുശേഷം, കാസർകോട് ലോക്സഭാ മണ്ഡലത്തിൽപെടുന്ന തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണ വിജയിച്ചിട്ടുണ്ട് നായനാർ.
തട്ടുദോശയുമായി ഓട്ടം നൂറേനൂറിൽ
1996ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം. എറണാകുളം ജില്ലയിൽ പട്ടിമറ്റത്തെ യോഗം കഴിഞ്ഞ് അവസാനത്തേതു കുന്നത്തുനാട്ടിൽ. പട്ടിമറ്റത്തെ യോഗം കഴിഞ്ഞപ്പോൾ രാത്രി 9.55. 10 മണിക്കുശേഷം യോഗം പാടില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമുണ്ട്. അതുകൊണ്ടു വണ്ടി നേരെ കുന്നത്തുനാടും കടന്നു വിട്ടു. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ, വഴിയരികിലെ തട്ടുകടയ്ക്കു മുൻപിൽ കാർ നിർത്തി. നായനാരുടെ വിശപ്പു മാറ്റാൻ നിർത്തിയതാണ്. ചൂടു ദോശ വാങ്ങി കയ്യിൽ വച്ചതേയുള്ളൂ. പിന്നിലതാ ഒരു ജീപ്പ് നിറയെ പ്രവർത്തകർ പാഞ്ഞു വരുന്നു. എങ്ങനെയെങ്കിലും നായനാരെ കുന്നത്തുനാട്ടിലേക്കു കൂട്ടാനുള്ള വരവാണ്. ഇതോടെ വണ്ടി വിട്ടോ എന്നൊരു നിലവിളിയായിരുന്നു. കാർ നൂറേ നൂറിൽ പാഞ്ഞു.
ഒടുവിൽ മുലായം മലയാളം പറഞ്ഞു
മുലായംസിങ് യാദവ് ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായിരിക്കേ, കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നു നായനാർ. യുപിയിലെ ഒരു വിഷയവുമായി ബന്ധപ്പെട്ടു തനിക്കു കിട്ടിയ നിവേദനം നായനാർ മുലായംസിങ്ങിന് അയച്ചുകൊടുത്തു. ഇതിനു മുലായം ഹിന്ദിയിലുള്ള മറുപടിക്കത്താണു നായനാർക്കു തിരിച്ചയച്ചത്. നായനാർ വിട്ടില്ല. തിരിച്ചു പച്ച മലയാളത്തിലൊരു കത്തയച്ചു. മുലായം തോൽവി സമ്മതിച്ചു. ആരെക്കൊണ്ടോ മലയാളത്തിലൊരു കത്തു തയാറാക്കി നായനാർക്ക് അയച്ചു കൊടുത്തു.

കള്ളുകുടിച്ചത് കോൺഗ്രസായിരുന്നപ്പോൾ
അബ്കാരി നിയമ ഭേദഗതിയെക്കുറിച്ചു നിയമസഭയിൽ ചർച്ച. പ്രതിപക്ഷ നേതാവായിരുന്ന നായനാരുടെ ഊഴമെത്തി. നിങ്ങൾ എന്തു ഭേദഗതി വരുത്തിയാലും തനിക്കു പ്രശ്നമില്ല, താൻ കള്ളുകുടിക്കില്ലെന്നു നായനാർ. ഒളിവുകാലത്തു തുടർച്ചയായി 3 ദിവസം കള്ളു കുടിച്ചിരുന്ന കാര്യം ആത്മകഥയിലുണ്ടല്ലോ എന്നു ഭരണപക്ഷത്തുനിന്ന് ഒളിയമ്പ്. അന്നു താൻ കോൺഗ്രസായിരുന്നുവെന്ന നായനാരുടെ മറുപടി സഭയിൽ കൂട്ടച്ചിരി ഉയർത്തി.
മാങ്ങ പോലുള്ള മൊബൈൽ
വിദേശ യാത്രയ്ക്കിടയിലാണു മൊബൈൽ ഫോൺ കൗതുകമായി നായനാരിൽ കയറിക്കൂടുന്നത്. ലോകം മുഴുവൻ വിളിക്കാവുന്ന മാങ്ങ പോലുള്ള ഒരു സാധനമെന്നാണു നായനാർ മൊബൈലിനെപ്പറ്റി നടത്തിയ പ്രയോഗം. അന്നു കേരളത്തിൽ മൊബൈൽ ഫോൺ അപൂർവമാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനെത്തിയപ്പോൾ ബോർഡ് അംഗമായ വ്യവസായി എം.എ.യൂസഫലിയാണ് ആദ്യമായി നായനാർക്കു മൊബൈൽ സമ്മാനിച്ചത്.
അണുവിട തെറ്റാത്ത സാമ്പത്തികശാസ്ത്രം
എന്റെ കാശ് ആർക്കും കൊടുക്കില്ല, ആരുടെയും കാശ് എനിക്കും വേണ്ട– വളരെ ലളിതമായിരുന്നു നായനാരുടെ സാമ്പത്തിക ശാസ്ത്രം. 1996–2001ൽ മുഖ്യമന്ത്രിയായിരിക്കേ ആരോഗ്യപ്രശ്നം മൂലം പശുവിൻ പാൽ കുടിക്കാൻ ഡോക്ടർ നിർദേശിച്ചു.
മന്ത്രിസഭയിലെ സഹപ്രവർത്തകനും കൃഷിക്കാരനുമായ പി.ജെ.ജോസഫ് കറവപ്പശുവിനെ ക്ലിഫ് ഹൗസിലേക്കു കൊടുത്തയച്ചു. 8 ലീറ്റർ പാലു കിട്ടും. കുറച്ചു നായനാർ എടുത്തശേഷം ബാക്കിയുള്ളതു സ്റ്റാഫ് അംഗങ്ങൾക്കു കൊടുക്കും. ഒരു മാസം തികഞ്ഞപ്പോൾ എല്ലാവരോടും നായനാർ പാലിന്റെ പണം ചോദിച്ചു. പശുവിനു പിണ്ണാക്കും തീറ്റയും വാങ്ങാൻ ചെലവുണ്ടെന്നു പറഞ്ഞായിരുന്നു ഇത്. എല്ലാ ഒന്നാം തീയതിയും കണക്കു പറഞ്ഞുതന്നെ പണം വാങ്ങിയിരുന്നു.
(കടപ്പാട്: കാണാപ്പുറങ്ങളിലെ നായനാർ– പി.ആർ.വി.വാരിയർ. കാൽനൂറ്റാണ്ട് നായനാർക്കൊപ്പം നിഴൽ പോലെ നടന്ന സഹായി, അന്തരിച്ച പി.ആർ.വി.വാരിയർ അടയാളപ്പെടുത്തിയതാണു മേൽപറഞ്ഞ സംഭവങ്ങളിൽ പലതും.)
English Summary: EK Nayanar centenary