കഥയുള്ള കഥകൾ; സാഹിത്യത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ സംവിധായകൻ
Mail This Article
മലയാളത്തിൽ ഏറ്റവുകൂടുതൽ ക്ലാസിക് കൃതികൾ സിനിമയാക്കിയ സംവിധായകനെന്ന ബഹുമതി കെ.എസ്. സേതുമാധനു സ്വന്തം. അദ്ദേഹം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ചിത്രമായ ‘ജ്ഞാനസുന്ദരി’യുടെ തിരക്കഥ മുട്ടത്തുവർക്കിയുടേതായിരുന്നു. പിന്നീട് മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകൾ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. ‘ഓടയിൽനിന്ന്’ സിനിമയാക്കിയത് നോവലിന്റെ തമിഴ് പരിഭാഷവായിച്ചിട്ടായിരുന്നു. സേതുമാധവൻ സിനിമയാക്കി ചില കൃതികളും സാഹിത്യകാരന്മാരും:
പി.കേശവദേവ് (ഓടയിൽനിന്ന്, ആദ്യത്തെ കഥ, റൗഡി) , തകഴി( ഓമനക്കുട്ടൻ, ചുക്ക്, അനുഭവങ്ങൾ പാളിച്ചകൾ) , കെ.ടി.മുഹമ്മദ് (കണ്ണും കരളും, അന്ന, കടൽപാലം, അച്ഛനും ബാപ്പയും), കെ സുരേന്ദ്രൻ (ദേവി), പി. അയ്യനേത്ത് (വാഴ്‌വേമായം, തെറ്റ്), പാറപ്പുറം (അരനാഴികനേരം, പണിതീരാത്ത വീട്), പൊൻകുന്നം വർക്കി (നിത്യകന്യക), തോപ്പിൽഭാസി (കൂട്ടുകുടുംബം), സി. എൻ. ശ്രീകണ്‌ഠൻനായർ (അർച്ചന), എസ്.എൽ.പുരം സദാനന്ദൻ (ഭാര്യമാർ സൂക്ഷിക്കുക), ജഗതി എൻ.കെ. ആചാരി (ഒള്ളതുമതി), മലയാറ്റൂർ രാമകൃഷ്ണൻ (യക്ഷി) , പമ്മൻ (അടിമകൾ, ചട്ടക്കാരി) , ഉറൂബ് (മിണ്ടാപ്പെണ്ണ്) , മുണ്ടൂർ സേതുമാധവൻ (കലിയുഗം), വെട്ടൂർ രാമൻനായർ(ജീവിക്കാൻ മറന്നുപോയ സ്ത്രീ), എം.ടി. വാസുദേവൻ നായർ(ഓപ്പോൾ, വേനൽക്കിനാവുകൾ,കന്യാകുമാരി), പി. പത്മരാജൻ (നക്ഷത്രങ്ങളേ കാവൽ), ചെമ്പിൽ ജോൺ(നാടൻപെണ്ണ്, കോട്ടയം കൊലക്കേസ്), എ.ടി.കോവൂർ (പുനർജന്മം).
മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘മറുപക്കം’ തമിഴ് സാഹിത്യകാരൻ ഇന്ദിര പാർത്ഥസാരഥിയുടെ ‘ഉച്ചവെയിൽ’ എന്ന കഥയെ ആസ്‌പദമാക്കി നിർമിച്ചതാണ്. പിൽക്കാലത്ത് ഇളയ മകൻ സന്തോഷിന് ഫീച്ചർ ഇതര വിഭാഗത്തിൽ മികച്ച കുടുംബ മൂല്യമുള്ള ചിത്രത്തിനു ലഭിച്ച ദേശീയ അംഗീകാരവും ഇന്ദിരാ പാർത്ഥസാരഥിയുടെ കഥയിലൂടെ തന്നെയാണു ലഭിച്ചത്.
English Summary: KS Sethumadhavan used malayalam literature for movies