പാലക്കാട് ഷാജഹാൻ വധം: പൊലീസ് നിലപാട് മാറ്റി; പ്രതികൾ ബിജെപി, കാരണം രാഷ്ട്രീയം

Mail This Article
പാലക്കാട് ∙ സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വധിച്ച കേസിലെ പ്രതികളുടെ രാഷ്ട്രീയം സംബന്ധിച്ച നിലപാട് പൊലീസ് മാറ്റി. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ, ബിജെപി അനുഭാവികളായ പ്രതികൾ രാഷ്ട്രീയവിരോധം വച്ചു ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി.
പ്രഥമവിവര റിപ്പോർട്ടിൽ പ്രതികൾ ബിജെപിക്കാരാണെന്നു പറഞ്ഞെങ്കിലും പ്രതികളുടെ വ്യക്തിവിരോധം ഉൾപ്പെടെ ഷാജഹാനെ കൊലപ്പെടുത്താൻ കാരണമായെന്നാണു ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചത്. രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാ വശവും പരിശോധിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി രംഗത്തു വന്നിരുന്നു. പ്രതികൾ ആർഎസ്എസുകാരാണെന്നു പറയാൻ പൊലീസ് മേധാവിക്കു മടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഥമവിവര റിപ്പോർട്ടിൽ ഇക്കാര്യം പറഞ്ഞിട്ടും ജില്ലാ പൊലീസ് മേധാവിക്കു മാത്രം ‘കൺഫ്യൂഷൻ’ വരേണ്ട കാര്യമെന്തെന്നും ചോദിച്ചു. അതേസമയം, ഇന്നലെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴും പ്രതികൾ സിപിഎം ബന്ധം അവകാശപ്പെട്ടു.
മുഖ്യപ്രതികളായ കാളിപ്പാറ സ്വദേശി നവീൻ (39), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 6 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റു പ്രതികളായ കുന്നങ്കാട് സ്വദേശികൾ എസ്.വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ്–31) എന്നിവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
ഇതിൽ എൻ.ശിവരാജൻ നടുവേദനയുണ്ടെന്നും പൊലീസ് മർദിച്ചെന്നും പരാതിപ്പെട്ടു. കേസിൽ സഹോദരന്റെ പേരു പറയാനാണു പൊലീസ് മർദിച്ചതെന്നും താൻ സിപിഎം അനുഭാവിയാണെന്നും ശിവരാജൻ മാധ്യമങ്ങളോടു പറഞ്ഞു. തങ്ങൾ സിപിഎമ്മുകാരാണെന്നു രണ്ടാം പ്രതി അനീഷ് ഇന്നലെയും ആവർത്തിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസിന് മർദിക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു.
English Summary: Palakkad Shajahan murder case