പൊതുമുതൽ നശിപ്പിക്കൽ; എ.എ.റഹിം എംപിക്കും എം.സ്വരാജിനും ഒരു വർഷം തടവും പിഴയും

Mail This Article
തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ 2014ൽ എസ്എഫ്ഐ നടത്തിയ നിയമസഭാ മാർച്ചിൽ പൊതുമുതൽ നശിപ്പിച്ചതിന് സിപിഎം നേതാവ് എ.എ.റഹിം എംപിക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരു വർഷം തടവും 7,700 രൂപ പിഴയും ശിക്ഷ വിധിച്ചു. കോടതിയിലെത്തി ഇരുവരും ജാമ്യമെടുത്തു. ശിക്ഷ 2 വർഷമോ അതിലധികമോ ആണെങ്കിൽ മാത്രമേ ജനപ്രതിനിധിയാകുന്നതിന് അയോഗ്യത വരൂ. അതിനാൽ റഹീമിന്റെ രാജ്യസഭാംഗത്വത്തെ ശിക്ഷ ബാധിക്കില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസ്സമില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിയമസഭാ മാർച്ചിനിടെ നടന്ന സംഘർഷത്തിൽ പൊലീസിന്റെ ബാരിക്കേഡ് തകർത്തെന്നും വാഹനങ്ങൾ ഉൾപ്പെടെ പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്. 10 പ്രതികളാണുള്ളത്. ആറും ഏഴും പ്രതികളാണ് സ്വരാജും റഹിമും. ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽ തടസ്സപ്പെടുത്തിയതിന് ഒരു വർഷം തടവ്, 5,000 രൂപ പിഴ, നിയമവിരുദ്ധമായി സംഘം ചേർന്നതിന് 1000 രൂപ പിഴ, ലഹളയുണ്ടാക്കിയതിന് 1000 രൂപ പിഴ, പൊതുമുതൽ നശിപ്പിച്ചതിന് 200 രൂപ പിഴ, കേരള പൊലീസ് ആക്ട് പ്രകാരം 500 രൂപ പിഴ എന്നിവയാണ് ശിക്ഷ.
2014 ജൂലൈ 30ന് വൈകിട്ട് നൂറ്റൻപതോളം പേർ പങ്കെടുത്ത മാർച്ചിലാണ് സംഭവമുണ്ടായത്. വേഗത്തിൽ കേസ് തീർപ്പാക്കണമെന്ന് ഇരുവരും ഹൈക്കോടതിയിൽനിന്നു വിധി സമ്പാദിച്ചിരുന്നു. വിനീത് ഗോവിന്ദ്, അനൂപ്, സാജു, ബിജു, മൻമോഹൻ, ഐ.പി.ബിനു, ദിലീപ്, ബെൻ ഡാർവിൻ എന്നിവരാണു മറ്റു പ്രതികൾ.