ഉത്തരക്കടലാസ് നഷ്ടം ‘കേരള’ മറച്ചുവച്ചത് 2 മാസം; ഒടുവിൽ പൊലീസിന് പരാതി

Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ പുറത്തുവരുന്നത് കടുത്ത അനാസ്ഥ. ഏപ്രിൽ 7നു പുനഃപരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിച്ചു തലയൂരാനാണ് ഇപ്പോൾ ശ്രമമെങ്കിലും ഇതു പ്രായോഗികമല്ലെന്ന വാദം ഉയർന്നു.
കഴിഞ്ഞ മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് പാലക്കാട്ടുവച്ച് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി അധ്യാപകൻ ഇക്കൊല്ലം ജനുവരിയിൽ അറിയിച്ചിരുന്നു; 2 മാസത്തോളം സർവകലാശാല അനങ്ങിയില്ല. ഏതാനും മാസം മുൻപ് അവസാന സെമസ്റ്റർ പരീക്ഷയും കഴിഞ്ഞെങ്കിലും ഫലപ്രഖ്യാപനം നീളുകയായിരുന്നു. കാരണമന്വേഷിച്ച് വിദ്യാർഥികൾ പലതവണ സർവകലാശാലയെ സമീപിച്ചശേഷം ഈ മാസം 17നു സിൻഡിക്കറ്റ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയപ്പോഴാണ് വിഷയം വൈസ് ചാൻസലർ അറിഞ്ഞതെന്നും അഭ്യൂഹമുണ്ട്.
പ്രശ്നം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച 10.30 നു വി.സിയുടെ അധ്യക്ഷതയിൽ യോഗം ചേരും. അന്ന് ഉച്ചയ്ക്കു സിൻഡിക്കറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി യോഗവും വി.സി വിളിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകൾ കണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലാ റജിസ്ട്രാർ കെ.എസ്.അനിൽകുമാർ സംസ്ഥാന പൊലീസ് മേധാവിക്കു കത്ത് നൽകി. വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കുമെന്നു വി.സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
പഠനവും അവസാന സെമസ്റ്റർ പരീക്ഷയും കഴിഞ്ഞതിനാൽ വിദ്യാർഥികളെല്ലാം കേരളത്തിൽ തന്നെയുണ്ടോയെന്നു വ്യക്തമല്ല. അതിനാലാണ് ഏപ്രിൽ ഏഴിനു പുനഃപരീക്ഷയ്ക്കുള്ള നീക്കം പ്രായോഗികമാണോയെന്നു ചോദ്യമുയരുന്നത്. 5 കോളജുകളിലെ 71 വിദ്യാർഥികളുടെ ‘പ്രോജക്ട് ഫിനാൻസ്’ വിഷയത്തിലെ ഉത്തരക്കടലാസാണു നഷ്ടമായത്. മറ്റു വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി ഈ പേപ്പറിനു കണക്കാക്കി പ്രശ്നം പരിഹരിക്കാമെന്ന വാദവുമുണ്ട്. എന്നാൽ, വി.സിക്ക് ഉൾപ്പെടെ ഇതിനോടു യോജിപ്പില്ല.
ചോദ്യമല്ല, പിഎസ്‌സി നൽകിയത് ഉത്തരസൂചിക
തിരുവനന്തപുരം ∙ ചോദ്യപ്പേപ്പറിനുപകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്ന് വകുപ്പുതല പരീക്ഷ പിഎസ്‌സി റദ്ദാക്കി. സർവേയർമാർക്കു സൂപ്രണ്ട് തസ്തികയിലേക്കു പ്രമോഷനു വേണ്ടി ഇന്നലെ നടത്തിയ പരീക്ഷയാണു റദ്ദാക്കിയത്.
പരീക്ഷയെഴുതുന്നവരുടെ സാന്നിധ്യത്തിൽ ഇൻവിജിലേറ്റർമാർ ചോദ്യപ്പേപ്പർ കവർ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ ഉത്തരസൂചികയാണെന്നു മനസ്സിലായത്. ചില കേന്ദ്രങ്ങളിൽ അബദ്ധം തിരിച്ചറിയാതെ വിതരണം ചെയ്തെങ്കിലും തിരിച്ചുവാങ്ങി.
ചോദ്യം തയാറാക്കിയവർ ചോദ്യപ്പേപ്പറിന്റെ കവറിനുള്ളിൽ ഉത്തരസൂചിക വച്ചതുകൊണ്ടു പറ്റിയ അബദ്ധമെന്നാണ് പിഎസ്‌സി അധികൃതരുടെ വിശദീകരണം. രഹസ്യാത്മകത കണക്കിലെടുത്ത് കവറുകൾ തുറന്നുനോക്കാറില്ലെന്നും പറയുന്നു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഇരുനൂറോളം പേരാണ് പരീക്ഷയ്ക്കെത്തിയത്. വൈകാതെ പുനഃപരീക്ഷ നടത്താനാണ് തീരുമാനം. സാധാരണ, 6 മാസം കൂടുമ്പോഴാണ് വകുപ്പുതല പരീക്ഷയെങ്കിലും ഇത്തവണ 2 വർഷം വൈകി.'
ഗൂഢാലോചനയോ ?
ഗൂഢാലോചനയുണ്ടോയെന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. സർവകലാശാലയ്ക്കു വീഴ്ചയുണ്ടായതായി സംശയിക്കുന്നില്ല. ആവശ്യപ്പെട്ടിട്ടും അധ്യാപകൻ ഉത്തരക്കടലാസ് എത്തിച്ചില്ല. ഒരാളുടെ കൃത്യവിലോപം മൂലം ഫലം പ്രഖ്യാപിക്കാനും കഴിഞ്ഞില്ല. -മന്ത്രി ആർ.ബിന്ദു
എനിക്കതിന്റെ ആവശ്യമില്ല
ജനുവരി 13നു രാത്രി ബൈക്കിൽ പോകുമ്പോഴാണ് പാലക്കാടിനും ആലത്തൂരിനുമിടയ്ക്കുവച്ച് ഉത്തരക്കടലാസുകൾ നഷ്ടമായത്. പിറ്റേന്നു പാലക്കാട് നോർത്ത് പൊലീസിൽ പരാതി നൽകി. 15നു സർവകലാശാലയിലെത്തി വിവരം എഴുതിനൽകി. മേയിലെ പരീക്ഷയുടെ ഉത്തരക്കടലാസ് കിട്ടിയത് ഡിസംബർ 23നാണ്. മന്ത്രി പറഞ്ഞതുപോലെ മനഃപൂർവം കളഞ്ഞ് പരീക്ഷ അട്ടിമറിക്കേണ്ട ആവശ്യമില്ല. 14 വർഷമായി അധ്യാപകനായി ജോലി ചെയ്താണു ജീവിക്കുന്നത്.-അധ്യാപകൻ (പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശിയായ അധ്യാപകൻ തിരുവനന്തപുരം പൂജപ്പുര കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്തിരുന്നത്)