എൻ.പ്രശാന്തിനെതിരെ അന്വേഷണം: മുഖ്യമന്ത്രി തീരുമാനമെടുക്കും

Mail This Article
തിരുവനന്തപുരം ∙ ഐഎഎസ് ചേരിപ്പോരിൽ സസ്പെൻഷനിലുള്ള കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ.പ്രശാന്തിനെതിരെ അന്വേഷണത്തിനു സർക്കാർ നടപടി തുടങ്ങി. അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായാണ് അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറി.
കുറ്റാരോപണ മെമ്മോയ്ക്കു കൃത്യമായി മറുപടി നൽകാതെ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുന്നയിച്ചു തുടർച്ചയായി കത്തുകളയയ്ക്കുകയാണു പ്രശാന്ത് ചെയ്തത്. ഇതു തന്റെ മറുപടിയാണെന്നാണു പ്രശാന്ത് പിന്നീട് അവകാശപ്പെട്ടതെങ്കിലും തൃപ്തികരമായ മറുപടി നൽകിയില്ലെന്നു വിലയിരുത്തിയാണ് അന്വേഷണം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെയോ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റിയെയോ സർക്കാരിനു നിയോഗിക്കാം. അന്വേഷണം നടത്താൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുന്നതോടെ തുടർനടപടിയിലേക്കു കടക്കും.
സസ്പെൻഡ് ചെയ്യുകയും മെമ്മോ നൽകുകയും ചെയ്ത ഘട്ടത്തിൽ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു.
അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ.ഗോപാലകൃഷ്ണൻ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതാണു സസ്പെൻഷനിൽ കലാശിച്ചത്. നവംബറിൽ സസ്പെൻഷനിലായ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി ജനുവരിയിൽ നാലു മാസത്തേക്കു കൂടി സർക്കാർ നീട്ടിയിരിക്കുകയാണ്.