താമര വിരിയുമോ, ‘കൈ’ പിടിക്കുമോ?; ചാഞ്ചാടുന്ന ആൻഡമാൻ പിടിക്കാൻ അഭിമാനപ്പോര്
Mail This Article
പോർട് ബ്ലെയർ∙ 1943 ൽ ഡിസംബർ 30 ന് ഐഎൻഎയുടെ ഭടൻമാരെ സാക്ഷി നിർത്തി സുഭാഷ് ചന്ദ്രബോസ് ത്രിവർണപതാക ഉയർത്തിയ ആൻഡമാനിൽ അഭിമാനപോരാട്ടമാണ് കോൺഗ്രസിന് ഇക്കുറി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പ്രചാരണത്തിനു കോലാഹലങ്ങളില്ലാതെയായിരുന്നു കലാശക്കൊട്ട്. ഏപ്രിൽ 11നു പോളിങ് ബൂത്തിൽ. 1967 വരെ രാഷ്ട്രപതി നോമിനേറ്റു ചെയ്യുന്നവരായിരുന്നു ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നു ലോക്‌സഭയിൽ എത്തിയിരുന്നത്. ആധുനിക നിക്കോബാറിന്റെ പിതാവായി അറിയപ്പെടുന്ന ആഗ്ലിക്കൻ ബിഷപ്പും പ്രമുഖ രാഷ്ട്രീയപ്രവർത്തകനുമായിരുന്ന റവ:ജോൺ റിച്ചാർഡ്സൺ ആണ് ആദ്യമായി നോമിനേഷൻ വഴി ലോക്‌സഭയിൽ എത്തിയത്.
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൽ ഒരു ലോക്സഭ സീറ്റുമാത്രമാണുള്ളത്. 1998 വരെ കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു. കോൺഗ്രസിന്റെ മനോരഞ്ജൻ ഭക്തയായിരുന്നു സ്ഥിരം പ്രതിനിധി. 1977 മുതലുള്ള 11 തിരഞ്ഞെടുപ്പുകളിൽ എട്ടിലും ആൻഡമാൻ കോൺഗ്രസിനെയാണു തുണച്ചത്. കോൺഗ്രസിനു വേണ്ടി എട്ടു തവണയും വിജയിച്ചത് ഒരേയാൾ–മനോരഞ്‌ജൻ ഭക്‌ത. ഈ പാരമ്പര്യത്തിൽ മുറുകെ പിടിച്ചാണു പാർട്ടി സ്‌ഥാനാർഥി കുൽദീപ് റായ് ശർമ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും അവസാന ലാപ്പിൽ വീണ കുൽദീപ് റായ് ശർമയ്ക്കും കോൺഗ്രസിനും ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. 2009ൽ 2990 വോട്ടിനും 2014ൽ 7812 വോട്ടിനുമായിരുന്നു കുൽദീപിന്റെ തോൽവി.
1999ൽ ഒരിക്കവും തോൽക്കില്ലെന്നു കോൺഗ്രസുകാർ തന്നെ ഊറ്റം കൊണ്ട മനോരഞ്ജൻ ഭക്ത എട്ടാം അങ്കത്തിൽ വീണു. ബിജെപി ആദ്യമായി മണ്ഡലം പിടിച്ചു. 13,000 വോട്ടിനാണു ബിഷ്ണു പഡ റായി മനോരഞ്ജൻ ഭക്തയെ തോൽപ്പിച്ചത്. 2004ൽ മനോരഞ്‌ജൻ ഭക്‌ത മണ്ഡലം ബിഷ്ണു പഡ റായിയിൽ നിന്നു തിരികെ പിടിച്ചു. 30,500 എന്ന മികച്ച ഭൂരിപക്ഷത്തോടെ.
2009 ലും 2014 ലും ബിഷ്ണു പഡ റായിയെ തന്നെയാണു ബിജെപി സ്ഥാനാർഥിയാക്കിയത്. രണ്ടു തവണയും വിജയിച്ചു. ഇത്തവണയും മത്സരം ശക്തമായിരിക്കും. ബിജെപിയിൽ നിന്നു വിശാൽ ജോളിക്കാണു നറുക്ക്. രണ്ടു വട്ടം തുടർച്ചയായി ബിജെപി ജയിച്ച മണ്ഡലത്തിൽ വികസന തുടർച്ച തന്നെയാണ് വിശാൽ ജോളി ഉയർത്തിക്കാട്ടുന്നത്. മലയാളി, തമിഴ്, ബംഗാളി വോട്ടുകൾ ആൻഡമാൻ ലോക്‌സഭാ മണ്ഡലത്തിൽ നിർണായകമാണ്. തമിഴ് വോട്ടു ബാങ്കിലാണു കോൺഗ്രസ് കണ്ണ്. കഴിഞ്ഞ തവണ എൻസിപി, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, സിപിഎം എന്നിവരും ശ്രദ്ധേയ പോരാട്ടം കാഴ്ച വച്ചു. കമൽഹാസന്റെ പാർട്ടി മക്കള്‍ നീതി മയ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന തൃണമൂൽ സ്ഥാനാർഥി അയൻ മണ്ഡലും ശക്തമായ പ്രചാരണമാണു നടത്തുന്നത്.