പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; കർഷകൻ അറസ്റ്റിൽ
Mail This Article
പാലക്കാട്∙ സൈലന്റ്‌വാലിയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ ഒരാൾ അറസ്റ്റിൽ. മലപ്പുറം എടവണ്ണ സ്വദേശി വിൽസൺ ആണ് അറസ്റ്റിലായത്. അമ്പലപ്പാറയിൽ കർഷകനാണ്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നയാളാണ് വിൽസൺ. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
കാട്ടാനയുടെ ജീവനെടുത്തതു കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാെണന്ന നിഗമനത്തിലാണ് വനംവകുപ്പ്. കൈതച്ചക്കയില്‍ സ്ഫോടകവസ്തു നിറച്ചുനൽകി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മേയ് 23ന് വെള്ളിയാര്‍ പുഴയില്‍ എത്തുന്നതിന് മുന്‍പേ കാട്ടാനയ്ക്കു പരുക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ദിവസങ്ങളായി തീറ്റയെടുത്തിരുന്നില്ല. മറ്റേതെങ്കിലും സ്ഥലത്തുവച്ച് പരുക്കേറ്റശേഷം കാട്ടാന പുഴയിലേക്ക് എത്തിയതാകാമെന്നാണു നിഗമനം. പന്നിശല്യം ഒഴിവാക്കാന്‍ കൈതച്ചക്കയില്‍ പടക്കം വച്ച് കെണിയൊരുക്കുന്നവരുണ്ട്. സൈലന്റ‌്‌വാലിയോട് അതിരിടുന്ന നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുളള ഏകദേശം 50 കിലോമീറ്റര്‍ പ്രദേശത്തെ സ്വകാര്യതോട്ടങ്ങള്‍, വാഴ, കൈതച്ചക്ക എന്നിവയുടെ കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
English Summary: Palakkad wild elephant death row: one arrested