160ലേറെ രാപകൽ, ഇന്ത്യയുടെ അണയാത്ത എണ്ണത്തീ; ബാഗ്ജാനിൽ നീറി ജീവജാലങ്ങൾ
Mail This Article
ബാഗ്ജാൻ, ഇന്ത്യയുടെ അണയാത്ത എണ്ണത്തീയുടെ പേര്. ചൂടും പുകയും നിറഞ്ഞ, പൊട്ടിത്തെറിച്ചു പടരുന്ന തീയുടെ ഇരമ്പം മുഴങ്ങുന്ന ദുരന്തഭൂമി. ഇവിടെയുള്ള മനുഷ്യരുടെയെല്ലാം കണ്ണിൽ കാണാം ആ ചുവന്ന തീ! വലിയ ജനശ്രദ്ധയോ മാധ്യമശ്രദ്ധയോ കിട്ടിയില്ലെങ്കിലും അഞ്ചു മാസത്തിലേറെയായി ബാഗ്ജാൻ നിന്നുകത്തുകയാണ്; ഒരുപാടു മനുഷ്യരെയും മറ്റു ജീവികളെയും പ്രകൃതിയെയും വല്ലാതെ പൊള്ളിച്ചുകൊണ്ട്. അസമിലെ ടിൻസുകിയ ജില്ലയിലെ ബാഗ്ജാൻ എണ്ണക്കിണറിലെ തീ 160ലേറെ രാപകലുകൾ പിന്നിട്ടിട്ടും അണയ്ക്കാനായില്ല.
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തീപിടിത്തമെന്ന റെക്കോർഡും നേടി ബാഗ്ജാൻ പുകഞ്ഞുകൊണ്ടിരിക്കുന്നു. ഓയിൽ ഇന്ത്യ ലിമിറ്റഡ് (ഓയിൽ) നടത്തുന്ന എണ്ണപ്പാടത്തിലെ കിണറിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തീ നിയന്ത്രണ വിധേയമായതായി ഇടയ്ക്കിടെ തോന്നുമെങ്കിലും കുറച്ചു സമയത്തിനുശേഷം പൂർവാധികം ശക്തിയോടെ ആളിപ്പടരുന്നതാണു രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും അനുഭവം. ഓയിൽ ഇന്ത്യയ്ക്കെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനും അയവില്ല. രാഷ്ട്രീയക്കാർ വിഷയം ഏറ്റെടുക്കുന്നില്ലെന്നു പരാതിയുണ്ട്.
∙ ഓർക്കാൻ ഒരു മുഖം പോലുമില്ലാതെ
മൂന്നു കുട്ടികളുടെ അമ്മയാണു വിധവയായ ലാബന്യ സൈകിയ. ബാഗ്ജാൻ തീപിടിത്തത്തിൽ ലാബന്യയുടെ വീടും കടയും കത്തിയമർന്നു. ഭർത്താവ് മരിച്ചപ്പോഴും മക്കളെ വളർത്താൻ ആശ്രമായിരുന്നതു കടയായിരുന്നു. വീടും കടയും പുനർനിർമിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിലും ഏറ്റവും വലിയ സങ്കടം മറ്റൊന്നാണ്. ഭർത്താവിന്റെ ഒറ്റ ഫോട്ടോ പോലും ഇനി ബാക്കിയില്ല, എല്ലാം തീ വിഴുങ്ങി. ‘എന്റെ കുട്ടികൾ പിതാവിന്റെ ഫോട്ടോ പോലും കാണാതെ വളരേണ്ടിവരും. പിതാവിന്റെ പേരിനൊപ്പം ഓർത്തുവയ്ക്കാൻ ഒരു മുഖം പോലുമില്ലാതെ..’ ലാബന്യ പറഞ്ഞു. ബാഗ്ജാൻ ദുരന്തത്തിന്റെ പ്രതിനിധിയാണ് ലാബന്യ.
കഴിഞ്ഞ മേയ് 27നാണ് തീപിടിത്തം തുടങ്ങിയത്. ജൂൺ 9ന് സ്ഫോടനമുണ്ടായി. മാസങ്ങൾ പിന്നിട്ട് ഈ നവംബറിലും തീ ആളിക്കൊണ്ടിരിക്കുന്നു. നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിനിടെ മൂന്നു പേർക്കാണു ജീവൻ നഷ്ടമായത്. തുടക്കത്തിൽ അയൽഗ്രാമങ്ങളിലെ മൂവായിരത്തോളം പേരെയാണു വീടുകളിൽനിന്നു മാറ്റിപ്പാർപ്പിച്ചത്. ക്യാംപിലെ ദുരിത സാഹചര്യത്തിൽ ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒട്ടുമിക്ക ആളുകളും വീടുകളിലേക്കു മടങ്ങിയെത്തി. എന്നാൽ അപകട സ്ഥലത്തിനോടടുത്തു വീടുള്ള കുടുംബങ്ങൾ ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിലാണു കഴിയുന്നത്.
‘ചൂട്, പുക, തീ പടരുന്ന ശബ്ദം എന്നിവ ഈ പ്രദേശത്തെ അപകടകരമായ സ്ഥലമാക്കി മാറ്റി. തീ മനുഷ്യരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ആകുലത, മൈഗ്രെയ്ൻ, വിശപ്പ് കുറയൽ, കണ്ണിൽ ചുട്ടുപൊള്ളൽ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നിരവധി നാട്ടുകാരാണു പരാതിപ്പെടുന്നത്’– പ്രാദേശിക മാധ്യമപ്രവർത്തകൻ നവന്തിക് ഉറാങ് പറയുന്നു. വീട് പൂർണമായും നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്കായി 25 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരമായി നൽകിയിട്ടുണ്ടെന്നും ഓരോ കുടുംബത്തിനും പ്രതിമാസം 50,000 രൂപ നൽകുന്നതു തുടരുകയാണെന്നും ഓയിൽ ഇന്ത്യ പറയുന്നു.
∙ രാജ്യത്തെ ദൈർഘ്യമേറിയ തീപിടിത്തം
ദിബ്രു-സൈഖോവ ദേശീയ ഉദ്യാനത്തിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണു ബാഗ്ജാൻ എണ്ണപ്പാടം. മേയ് 27ന് ഇവിടെനിന്ന് എണ്ണയും പ്രകൃതിവാതകവും അനിയന്ത്രിതമായി ഒഴുകാൻ തുടങ്ങി (ബ്ലോഔട്ട്). ഓയിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥരും എൻജിനീയർമാരും ചോർച്ച തടയാൻ ദിവസങ്ങളോളം ശ്രമിച്ചു. ഇതിനിടെ, ജൂൺ 9ന് സ്ഫോടനവും വലിയ തീപിടിത്തവുമുണ്ടായി. തീ പടരാതിരിക്കാനായി പ്രദേശത്തു നേരത്തെ വെള്ളം തളിച്ചിരുന്നു. ചെറിയ മഴയും കിട്ടി. എന്നാൽ ജൂൺ 9 ചൂടു കൂടിയ വരണ്ട ദിവസമായിരുന്നു. ഇതാണ് തീ കൈവിട്ടു പോകാൻ കാരണമെന്നു കരുതുന്നു. ചുറ്റും താമസിക്കുന്നവരെ ക്യാംപുകളിലേക്ക് മാറ്റി. ഇവരിൽ ഭൂരിഭാഗവും തങ്ങളുടെ കന്നുകാലികളും കൃഷിസ്ഥലവും നഷ്ട്ടപ്പെട്ടതായി പരാതിപ്പെട്ടു.
നഷ്ടപരിഹാരം തേടി നാട്ടുകാർ പ്രതിഷേധവും തുടങ്ങി. തീ തടയാൻ സിംഗപ്പൂർ ആസ്ഥാനമായുള്ള അലർട്ട് ഡിസാസ്റ്റർ കൺട്രോൾ സംഘമെത്തി. ഇവർ ഒക്ടോബറിൽ മടങ്ങി. ഇപ്പോൾ കനേഡിയൻ സാങ്കേതിവിദ്യ ഉപയോഗിച്ച് തീ കെടുത്താനുള്ള മാർഗങ്ങളാണു നോക്കുന്നത്. ‘സ്നബ്ബിങ്’ വിദ്യയ്ക്കു 34 കോടി രൂപയാണു കാനഡയിലെ പിസ്റ്റൺ വെൽ സർവീസസ് ചെലവ് കണക്കാക്കുന്നത്. അപകട കാരണം വ്യക്തമാക്കാതെ ഒഴുക്കൻമട്ടിൽ പ്രസ്താവനയിറക്കിയ ഓയിൽ ഇന്ത്യ, പ്രദേശത്ത് അക്രമാസക്തമായ പ്രതിഷേധമുണ്ടെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സൈന്യത്തെ വിട്ടുനൽകണമെന്നും അധികൃതരോട് ആവശ്യപ്പെടുകയാണു ചെയ്തത്.
രാജ്യത്ത് ഇതാദ്യമല്ല ദൈർഘ്യമേറിയ എണ്ണത്തീപ്പിടിത്തം. 1960കളിൽ അസമിലെതന്നെ സിബ്സാഗർ ജില്ലയിൽ എണ്ണക്കിണറിലുണ്ടായ തീ അണയ്ക്കാൻ 90 ദിവസമെടുത്തു. 1995ൽ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ പസർലാപുടിയിലെ തീ നിയന്ത്രിക്കാൻ വേണ്ടിവന്നത് 65 ദിവസം. 2005ൽ അസമിലെ ദിബ്രുഗഡ് ജില്ലയിലെ ഡികോം എണ്ണക്കിണറിലെ തീ അണച്ചത് 45 ദിവസം കൊണ്ടാണ്. പക്ഷേ രാജ്യത്തെ എണ്ണക്കിണർ തീയുടെ ഇതുവരെയുള്ള ചരിത്രമെല്ലാം തകർത്താണു ബാഗ്ജാൻ മുന്നേറുന്നത്.
∙ എന്താണ് ബ്ലോഔട്ട് ?
നമ്മുടെ അടുക്കളകളിൽ ഉപയോഗിക്കുന്ന പ്രഷർ കുക്കറിന്റെ പ്രവർത്തനം നിരീക്ഷിച്ചാൽ ബ്ലോഔട്ടിനെ മനസ്സിലാക്കാൻ എളുപ്പമാണെന്ന് ഈ രംഗത്തെ വിദഗ്ധരായ ബിശ്വജിത് ചൗധരിയും ചന്ദൻ രാജ്ഖോവയും പറയുന്നു. കുക്കറിനുള്ളിൽനിന്ന് ആവി പുറത്തേക്കു വരുമല്ലോ. ആവിയിൽനിന്നുള്ള മർദം നിയന്ത്രിക്കുന്നതിനാണു കുക്കറിന്റെ അടപ്പിന്റെ മുകളിലുള്ള പ്രഷർ റഗുലേറ്റർ അഥവാ വെന്റ് വെയ്റ്റ്. ഏതെങ്കിലും കാരണത്താൽ പ്രഷർ റഗുലേറ്റർ ഇളകിപ്പോയാൽ വെന്റ് പൈപ്പിലൂടെ മുഴുവൻ ആവിയും പുറത്തേക്കു വരും. അപ്പോൾ നിയന്ത്രിക്കുക പ്രയാസമാണ്.
ലക്ഷക്കണക്കിനു പ്രഷർ കുക്കറുകളിൽനിന്ന് ഒരേ സമയം റഗുലേറ്റർ മാറിപ്പോയാലോ? ഒരു എണ്ണക്കിണറിലും വാതകക്കിണറിലും സമാനമായ സാഹചര്യം ഉണ്ടാകുന്നതാണു ലളിതമായി പറഞ്ഞാൽ ബ്ലോഔട്ട്. കിണറിനകത്തുള്ള എണ്ണയും വാതകവും അനിയന്ത്രിതമായി പുറത്തേക്കു വമിക്കും. അകത്തുള്ളതെല്ലാം തീരും വരെയോ പുറമേനിന്ന് ഏതെങ്കിലും തരത്തിൽ നിയന്ത്രണം ഉണ്ടാകുംവരെയോ ഇതു തുടരും. അസംസ്കൃത എണ്ണയ്ക്കും വാതകത്തിനുമായി പ്രത്യേക തരത്തിൽ കിണർ കുഴിക്കുമ്പോൾ, ഭൂഗർഭത്തിൽ മർദമേറുക സ്വാഭാവികമാണ്.
ഒരു വഴി ലഭിക്കുമ്പോൾ ശക്തിയോടെ പുറത്തുവരാനുള്ള പ്രവണത ദ്രാവകമോ എണ്ണയും കാണിക്കും. അതിനാൽ കിണർ കുഴിക്കുമ്പോൾ റിസർവോയറിൽനിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന്, പ്രത്യേക കെമിക്കൽ ദ്രാവകമിശ്രിതം പൈപ്പുകളിലൂടെ താഴേക്കു പമ്പ് ചെയ്യാറുണ്ട്. ഉപരിതലത്തിലെ മണ്ണ് നീക്കാനും കിണറ്റിലെ മർദം സന്തുലിതമാക്കാനും വേണ്ടിയാണിത്. ചിലപ്പോഴെങ്കിലും ഈ സന്തുലനം തെറ്റുകയും ‘കിക്ക്’ എന്നറിയപ്പെടുന്ന എണ്ണ/വാതക/ദ്രാവക പ്രവാഹം തുടങ്ങുകയും ചെയ്യും.
‘കിക്ക്’ തടയാനായില്ലെങ്കിൽ ഡ്രില്ലിങ് ചെളി ഉൾപ്പെടെ കിണറ്റിനുള്ളിലുള്ളതെല്ലാം ശക്തമായി പുറന്തള്ളപ്പെടാൻ തുടങ്ങും. ബ്ലോഔട്ട് ആന്തരിക പ്രക്രിയയാണ്. എന്നാൽ ലോകത്തെ 90 ശതമാനം ബ്ലോഔട്ടിനും കാരണമാകുന്നതാകട്ടെ മാനുഷിക പിഴവും. കിണറിനെ വാൽവുകളുപയോഗിച്ച് അടച്ചുകൊണ്ട് – ബ്ലോഔട്ട് പ്രിവന്റേഴ്സ്, ബിഒപിഎസ്– ഇതു പുറമേനിന്ന് ഒരുപരിധിവരെ നിയന്ത്രിക്കാനാകും. മർദനിയന്ത്രണം നഷ്ടപ്പെട്ടെന്നു വ്യക്തമായാൽ സ്ഫോടനം മുന്നിൽക്കണ്ട്, പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള ജാഗ്രതാ നടപടികളിലേക്കു കടക്കുകയേ മാർഗമുള്ളൂ.
∙ വിമർശനവുമായി ഹരിത ട്രൈബ്യൂണൽ
ആവശ്യമായ പാരിസ്ഥിതിക അനുമതി ഉൾപ്പെടെയുള്ള അംഗീകാരങ്ങളില്ലാതെയാണു ബാഗ്ജാനിൽ ഹൈഡ്രോകാർബണുകളുടെ ഡ്രില്ലിങ്ങും ടെസ്റ്റിങ്ങും നടത്തിയിരുന്നതെന്നു ജസ്റ്റിസ് ബ്രോജേന്ദ്ര പ്രസാദ് കറ്റാകെയുടെ നേതൃത്വത്തിലുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കമ്മിറ്റി പറയുന്നു. ബാഗ്ജാനിലെ എണ്ണത്തീ പ്രദേശവാസികളെയും പരിസ്ഥിതിയെയും എങ്ങനെ ബാധിച്ചുവെന്നു പഠിക്കാൻ ജൂൺ 26നാണ് എൻജിടിയുടെ പ്രിൻസിപ്പൽ ബെഞ്ച് എട്ട് വിദഗ്ധരുടെ സമിതി രൂപീകരിച്ചത്. 26 കിണറുകളിലൊന്നായ വെൽ–5 ആണു പൊട്ടിത്തെറിച്ചതും ഇപ്പോഴും കത്തുന്നതും.
സ്ഫോടനം നടന്ന അന്നും തുടർന്നുള്ള ദിവസങ്ങളിലും ഓയിൽ ഇന്ത്യയ്ക്കു നിർബന്ധമായും വേണ്ടിയിരുന്ന ജല, വായു മലിനീകരണ നിയന്ത്രണ ബോർഡുകളുടെയും അപകടകരമായ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള അനുമതികളില്ലായിരുന്നു. ഓയിൽ ഇന്ത്യയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെ ഉചിതമായ നടപടിയെടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് (പിസിബി) നിർദേശം നൽകണം. ശബ്ദ മലിനീകരണ നിയന്ത്രണ നിയമപ്രകാരം, നിർദിഷ്ട പരിധിക്കുള്ളിൽ ശബ്ദനില കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എൻജിടി ശുപാർശ ചെയ്തു.
∙ പരിഹരിക്കാനാവാത്ത പാരിസ്ഥികാഘാതം
സ്ഫോടനത്തിനു പിന്നാലെ പ്രദേശത്തെ അന്തരീക്ഷത്തിൽ ഘനീഭവിച്ചു നിൽക്കുന്ന വാതകപ്പാളി കിലോമീറ്ററുകൾ അകലെനിന്നു പോലും കാണാനാകും. മണ്ണിനും സസ്യജാലങ്ങൾക്കും വിഷകരമായ വസ്തുക്കൾ അടങ്ങിയതാണ് ഈ വാതകപ്പാളി. മനുഷ്യരിൽ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കും കാരണമാകും. സംഭവസ്ഥലത്തിന് അടുത്തായി തേയിലത്തോട്ടമുണ്ട്. ദിബ്രു നദിയിൽ എണ്ണപ്പാളി രൂപപ്പെട്ടതും ആശങ്കയാണ്. മഗുറി തണ്ണീർത്തടത്തിലൂടെയും ദിബ്രു-സൈഖോവ ദേശീയ ഉദ്യാനത്തിലൂടെയും ദിബ്രു നദി കടന്നു പോകുന്നുണ്ട് എന്നതും അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
വംശനാശ ഭീഷണി നേരിടുന്നതടക്കം ഒരുപാടു പക്ഷികളുടെ ആവാസ കേന്ദ്രമാണു മഗുറി തണ്ണീർത്തടം. 1996ൽ പ്രധാനപ്പെട്ട പക്ഷി–ജൈവവൈവിധ്യ പ്രദേശമായി ഈ തണ്ണീർത്തടത്തെ ബേർഡ് ലൈഫ് ഇന്റർനാഷനൽ അടയാളപ്പെടുത്തിയിരുന്നു. ബാഗ്ജാൻ ബ്ലോഔട്ടിൽ തണ്ണീർത്തടത്തമാകെ നശിപ്പിക്കപ്പെട്ടെന്നു പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. ബ്രഹ്മപുത്രയിൽ ചേരുന്ന ലോഹിത് നദിയുടെ പോഷക നദിയാണു ദിബ്രു. ഗംഗാ ഡോൾഫിനുകളുടെ ആവാസകേന്ദ്രമാണു ബ്രഹ്മപുത്ര. അനിയന്ത്രിതമായ തോതിൽ എണ്ണ കലർന്നു ജീവൻ നഷ്ടപ്പെട്ടെന്ന കുറിപ്പോടെ ഗംഗാ ഡോൾഫിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കൃഷിസ്ഥലങ്ങൾ, പുൽമേടുകൾ, ചതുപ്പ് നിലങ്ങൾ ഉൾപ്പെടെ 65–70 ഹെക്ടറോളം ഭൂമി നശിപ്പിക്കപ്പെട്ടതായി വനം–പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിവിധ തരം സസ്തനികൾ (40 സ്പീഷീസ്), പക്ഷികൾ (450), മത്സ്യങ്ങൾ (104), പല്ലികൾ (18), പാമ്പുകൾ (23) ചിത്രശലഭങ്ങൾ (165), സസ്യങ്ങൾ (680) എന്നിങ്ങനെ ജൈവവൈവിധ്യത്താൽ സമ്പന്നമാണു ദിബ്രു-സൈഖോവ ദേശീയ ഉദ്യാനം. ഇവിടത്തെ വായുവും വെള്ളവും മണ്ണും ഇപ്പോൾ വിഷമയമായി. ഈ ജീവജാലങ്ങൾക്കും ഇതിനെയെല്ലാം ആശ്രയിച്ചിരുന്ന മനുഷ്യർക്കും ജീവിതം വഴിമുട്ടി. ഒരു ചോദ്യമിങ്ങനെ ആകാശത്തു വട്ടമിട്ടു പറക്കുന്നു, തീ അണഞ്ഞാലും എത്ര കാലമെടുക്കും മുറിവുണങ്ങാൻ?
English Summary: Fire at Assam's Baghjan Oil Well After Gas Leak Threatens Life, Livelihood and Biodiversity