ഐസിൽ ഉറഞ്ഞ് വാഹനങ്ങൾ; 40 മണിക്കൂറിനു മേൽ എക്സ്പ്രസ് വേയിൽ കുടുങ്ങി ആയിരങ്ങൾ
Mail This Article
ടോക്കിയോ∙ ജപ്പാനിലെ മിന്നമി-ഒന്നുമയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരത്തിലേറേ ആളുകൾ എക്സ്പ്രസ് വേയിൽ കുടുങ്ങി. ടോക്കിയോയെയും നീഗാട്ടയെയും ബന്ധിപ്പിക്കുന്ന കനേത്‌സു എക്സ്പ്രസ് വേയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ബുധനാഴ്ച ഒരു കാർ ഐസിനുള്ളിൽ ഉറഞ്ഞു പോയതിനെ തുടർന്ന് രൂപം കൊണ്ട ഗതാഗത കുരുക്ക് വെള്ളിയാഴ്ചയും തുടർന്നതായി എക്സ്പ്രസ് വേയുടെ നടത്തിപ്പ് ചുമതലയുള്ള നിപ്പോൺ കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
15 കിലോമീറ്റോളം നീളത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതായും 40 മണിക്കൂറിൽ കൂടുതൽ ആളുകൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയതായും നിപ്പോൺ അറിയിച്ചു. ശക്തമായ മഞ്ഞ് മഴയെത്തുടർന്ന് വൈദ്യുതി ലൈനുകളും ജലവിതരണവുമെല്ലാം താറുമാറായി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഐസിനുള്ളിൽ ഉറഞ്ഞു പോയ നിലയിലാണ്.
വാഹനങ്ങളിൽ കുടുങ്ങിയവർക്ക് അധികൃതർ വെള്ളവും ഭക്ഷണവും എത്തിച്ചു കൊടുത്തെങ്കിലും പലർക്കും തികഞ്ഞില്ല. അതിശക്തമായ ശൈത്യവും മഞ്ഞുവീഴ്ചയും മൂലം പലരുടെയും ആരോഗ്യസ്ഥിതി വഷളായതായും നിപ്പോൺ അറിയിച്ചു.
English Summary: 1,000 people stuck overnight in Japan traffic jam stretching 9 miles long