ന്യൂനപക്ഷ സ്കോളർഷിപ് ഹൈക്കോടതി വിധിയിൽ സർക്കാരിന് ഇരട്ടത്താപ്പ്: സുരേന്ദ്രൻ

Mail This Article
തിരുവനന്തപുരം∙ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ഇപ്പോൾ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവർക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് എന്താണ് സർക്കാരിന്റെ നയം എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാണിക്കണം. വോട്ട് ബാങ്ക് താൽപര്യം മാറ്റിവച്ച് കോടതി വിധി നടപ്പാക്കണം.
ലക്ഷദ്വീപ് വിഷയത്തിൽ വ്യാജപ്രചരണം നടത്തുന്നത് മുഖ്യമന്ത്രിയുടെ പാർട്ടിയാണ്. ലക്ഷദ്വീപിന്റെ പേരിൽ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രിയും പാർട്ടിയും ശ്രമിക്കുന്നത്. ബിജെപിക്കെതിരെ വ്യാജ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
കൊടകര കേസിൽ ഒന്നും ഒളിച്ചുവയ്ക്കാൻ ഇല്ലാത്തതിനാലാണ് ബിജെപി നേതാക്കൾ ഹാജരാവുന്നത്. സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും കുടുങ്ങിയവർ പ്രതികാര നടപടിക്ക് ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
English Summary: K Surendran comments on minority scholarship