ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ മുത്തലാഖിനെ വിമർശിച്ചും രാജ്യത്ത് ഏക സിവിൽ കോഡിനായി ആഹ്വാനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തുലക്ഷത്തിലധികം ബിജെപി ബൂത്തുതല പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തലാഖ് സമ്പ്രദായം കാലഹരണപ്പെട്ടിട്ടില്ലെങ്കിൽ എന്തുകൊണ്ടാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, ഇന്തൊനീഷ്യ, ഖത്തർ, ജോർദൻ, സിറിയ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കാത്തതെന്ന് പ്രധാനമന്ത്രി ചോദിച്ചു.

ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം സുന്നി മുസ്‌ലിംകളുള്ള ഈജിപ്തിൽ 90 വർഷം മുൻപു മുത്തലാഖ് നിർത്തലാക്കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുത്തലാഖിന് വേണ്ടി വാദിക്കുന്നവർ വോട്ടു ബാങ്കിനായാണ് പ്രവർത്തിക്കുന്നതെന്നും മുസ്‌ലിം പെൺകുട്ടികളോട് ഇവർ കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് സ്ത്രീകളെ മാത്രമല്ല, മുഴുവൻ കുടുംബത്തെയും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഏറെ പ്രതീക്ഷയോടെ വീട്ടുകാർ വിവാഹം ചെയ്ത് കൊടുക്കുന്ന ഒരു സ്ത്രീയെ മുത്തലാഖ് ചൊല്ലി തിരിച്ചയയ്ക്കുമ്പോൾ ആ സ്ത്രീയെ ഓർത്ത് മാതാപിതാക്കളും സഹോദരങ്ങളും വേദനിക്കുന്നു. മുസ്‌ലിം പെൺകുട്ടികളുടെ മേൽ മുത്തലാഖിന്റെ കുരുക്ക് കെട്ടിവയ്‍‌ക്കാൻ ചിലർ ആഗ്രഹിക്കുന്നു. അവരെ അടിച്ചമർത്താനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഇത്. അവരാണ് മുത്തലാഖിനെ പിന്തുണയ്ക്കുന്നത്. അതുകൊണ്ടാണ് മുസ്‌ലിം സഹോദരിമാരും പെൺകുട്ടികളും ബിജെപിക്കും മോദിക്കുമൊപ്പം നിൽക്കുന്നത്.’’– പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഏക സിവിൽ കോഡിനെ (യുസിസി) എതിർക്കുന്നവർക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. അവർ സ്വന്തം താൽപര്യങ്ങൾക്കായാണ് ചിലരെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഏതു രാഷ്ട്രീയ പാർട്ടികളാണ് സ്വന്തം നേട്ടത്തിനായി തങ്ങളെ പ്രകോപിപ്പിച്ച് നശിപ്പിക്കുന്നതെന്ന് രാജ്യത്തെ മുസ്‌ലിംകൾ മനസ്സിലാക്കണം. നമ്മുടെ ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യ അവകാശമാണ് നൽകുന്നത്. യുസിസി നടപ്പാക്കാൻ സുപ്രീം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.’’ – മോദി പറഞ്ഞു. ബിജെപിയെ കുറ്റപ്പെടുത്തുന്നവർ മുസ്‌ലിംകളുടെ അഭ്യുദയകാംക്ഷികളായിരുന്നെങ്കിൽ സമുദായത്തിലെ മിക്ക കുടുംബങ്ങളും വിദ്യാഭ്യാസത്തിലും തൊഴിലിലും പിന്നാക്കം പോകില്ലായിരുന്നെന്നും ദുഷ്‌കരമായ ജീവിതം നയിക്കാൻ നിർബന്ധിതരാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ സജീവമാക്കിയിരിക്കെ, ഈ മാസമാദ്യം വിഷയത്തിൽ ദേശീയ ലോ കമ്മിഷൻ പൊതുജനാഭിപ്രായം തേടിയിരുന്നു. വിവിധ മതസംഘടനകളിൽനിന്ന് ഉൾപ്പെടെ അഭിപ്രായം ക്ഷണിച്ചാണു കമ്മിഷന്റെ നോട്ടിസ്. ഇതിനു മുൻപത്തെ ലോ കമ്മിഷനും (21-ാം) വിഷയത്തിൽ ജനാഭിപ്രായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2018ൽ ചർച്ചാരേഖയും പ്രസിദ്ധീകരിച്ചതാണ്. ഇതു പഴകിയെന്നതും വിഷയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണു വീണ്ടും ജനാഭിപ്രായം തേടുന്നതെന്നാണു കമ്മിഷന്റെ വിശദീകരണം.

ഏക സിവിൽ കോഡ് ഇപ്പോൾ അഭികാമ്യമല്ലെന്നായിരുന്നു മുൻ കമ്മിഷന്റെ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നുവെന്ന വിലയിരുത്തലുകളുണ്ട്. കമ്മിഷന്റെ അഭിപ്രായം കാക്കുകയാണെന്നും അന്തിമതീരുമാനമെടുത്തിട്ടില്ലെന്നുമാണു ഫെബ്രുവരിയിൽ നിയമ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചത്.

English Summary: "How Can Country Run On 2 Laws?" PM's Strong Pitch For Uniform Civil Code

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com