ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ.ചന്ദ്രശേഖർ റാവു എൻഡിഎയുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി കെസിആറിന്റെ മകൻ കെ.ടി.രാമറാവു. എൻഡിഎയിൽ ചേരാൻ മാത്രം തങ്ങൾക്കു ഭ്രാന്തില്ലെന്നാണു രാമറാവു തിരിച്ചടിച്ചത്. പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ വന്ന് ഏതാണ്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴാണ് ബിആർഎസ് വർക്കിങ് പ്രസിഡന്റ് കൂടിയായ രാമറാവുവിന്റെ പ്രസ്താവന. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ പിതാവ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

‘‘പ്രധാനമന്ത്രി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണു പറയുന്നത്. ആദ്യം പറഞ്ഞു കർണാടകയിൽ കോൺഗ്രസിനു വേണ്ടി ബിആർഎസ് പണം ഇറക്കിയെന്ന്. പിന്നീട് പറയുന്നു എൻഡിഎയ്ക്കൊപ്പം അണിചേരാൻ ഞങ്ങളെ അദ്ദേഹം അനുവദിച്ചില്ലെന്ന്. എൻഡിഎയിൽ ചേരാൻ ഞങ്ങളെയെന്താ വല്ല പേപ്പട്ടിയും കടിച്ചോ? എത്ര പാർട്ടികളാണ് ഇപ്പോൾ നിങ്ങളുടെ സഖ്യം വിടുന്നത്. ശിവസേന, ജനതാദൾ(യു), തെലുങ്ക് ദേശം പാർട്ടി, ശിരോമണി അകാലിദൾ ഇങ്ങനെ എത്ര പാർട്ടികൾ എൻഡിഎ സഖ്യം വിട്ടു. സിബിഐയും ഇഡിയും ആദായനികുതി വകുപ്പുമല്ലാതെ ആരാണ് നിങ്ങൾക്കൊപ്പമുള്ളത്’’– കെടിആർ പറഞ്ഞു. 

2020ലെ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനുശേഷം, കെസിആർ തന്നെ കാണാൻ വന്നുവെന്നും എൻഡിഎയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നുമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നിസാമാബാദിൽ നടന്ന പൊതുറാലിയിൽ പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിന്റെ പ്രവൃത്തികൾ കാരണം കൂട്ടുകൂടാൻ കഴിയില്ല എന്നു കെസിആറിനോട് പറഞ്ഞെന്നും മോദി വ്യക്തമാക്കി. 

English Summary: "We're Not Mad Enough To Want To Join NDA": KCR's Son Hits Back At PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com