തട്ടിയ സ്വിഫ്റ്റ് ബസിനെ പിന്തുടർന്നെത്തി തടഞ്ഞു, സൈഡ് മിറർ അഴിച്ചെടുത്ത് ലോറി ജീവനക്കാർ

Mail This Article
ഉഡുപ്പി∙ കോട്ടയത്തുനിന്നു മൂകാംബികയ്ക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തട്ടി സൈഡ് മിറർ തകർന്നെന്ന് ആരോപിച്ച്, അതേ ബസിന്റെ സൈഡ് മിറർ ലോറി ജീവനക്കാർ അഴിച്ചെടുത്ത് ലോറിയിൽ ഘടിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം ചാനലിൽവന്ന വിഡിയോ, പിന്നീട് മറ്റു പേജുകളിലൂടെയും പ്രചരിക്കുകയായിരുന്നു.
ലോറിയുടെ സൈഡ് മിററിൽ തട്ടിയിട്ടും ബസ് നിർത്താതെ പോയെന്നും, പിന്നാലെ ചെന്ന് ബസ് തടഞ്ഞപ്പോൾ കേസാക്കാൻ ബസ് ജീവനക്കാർ ആവശ്യപ്പെട്ടെന്നും ഈ വിഡിയോയിൽ പറയുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും വിഡിയോയിൽ പറയുന്നു. ഒട്ടേറെപ്പേരാണ് ഈ വിഡിയോയ്ക്കു താഴെ സമ്മിശ്ര കമന്റുകളുമായി രംഗത്തെത്തിയത്. കർണാടകയിലെ ഉഡുപ്പിയിൽ വച്ചാണ് സംഭവമെന്ന് വിഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. പാലക്കാട് റജിസ്ട്രേഷനിലുള്ള ലോറിയിലെ ജീവനക്കാരാണ് ബസിന്റെ സൈഡ് മിറർ അഴിച്ചെടുത്തത്.
‘ഉഡുപ്പിയിൽവച്ച് നമ്മുടെ വണ്ടിയുടെ ഗ്ലാസ്... കെഎസ്ആർടിസി സ്വിഫ്റ്റ് വണ്ടിക്കാരു കാണിച്ച പണിയാണ് ഇത്. കണ്ടില്ലേ... വണ്ടി അവസാനം വട്ടമിട്ടു പിടിച്ചുനിർത്തി. ഗ്ലാസിന്റെ പൈസ എന്തായാലും വാങ്ങൽ നടക്കില്ല. 1200 രൂപ വാങ്ങിവയ്ക്കാമെന്നു വിചാരിച്ചു. ഒറിജിനൽ വാങ്ങാനുള്ള പൈസ എന്തായാലും അവരുടെ കയ്യിൽനിന്നും കിട്ടാനില്ല. പറഞ്ഞുവന്നപ്പോൾ അവരും അയ്യോ പാവങ്ങള്.’ – വിഡിയോയിൽ പറയുന്നു.
‘‘എന്തായാലും സ്വിഫ്റ്റിന്റെ ഗ്ലാസ് ഊരാൻ പോവുകയാണ്. കെഎസ്ആർടിസിയുടെ ക്ലാസ് അങ്ങ് ഊരി. അല്ല പിന്നെ. മര്യാദയ്ക്കു പറഞ്ഞപ്പോൾ അവൻമാർക്കു പറ്റുന്നില്ല. ആ ഗ്ലാസ് ഊരിയെടുത്ത് നമ്മുടെ വണ്ടിയിൽ കൊണ്ടുപോയി ഫിറ്റ് ചെയ്യാൻ പോവുകയാണ്.’’
‘‘അങ്ങനെ ഒരെണ്ണം ഫിറ്റ് ചെയ്തു. താഴത്തെ അവരുടെ വണ്ടിയിൽ ഇല്ലായിരുന്നു. കേസാക്കാനും മറ്റും പറഞ്ഞപ്പോഴാ നമ്മൾ അത് ഊരിയെടുത്തത്. അല്ലെങ്കിൽ നമ്മൾ ഈ പണിക്കൊന്നും നിൽക്കില്ലായിരുന്നു. വണ്ടി തട്ടീട്ട് അവൻമാർ നിർത്താതെ പോയി. അതാണ് ഞങ്ങൾക്കും ദേഷ്യം വന്നത്. അവരു വണ്ടി നിർത്താതെ പോയി. അവസാനം ഞങ്ങൾ പുറകേ ഓടിച്ചിട്ട് പിടിക്കുകയാണ് ചെയ്തത്’’ – വിഡിയോയിൽ പറയുന്നു.
തകർന്ന കണ്ണാടിക്കു പകരമായി സ്വിഫ്റ്റിന്‍റെ ഇടതുവശത്തെ കണ്ണാടി അഴിച്ചെടുക്കുകയായിരുന്നു. ലോറിജീവനക്കാര്‍ കണ്ണാടി അഴിച്ചെടുക്കുന്നതും സ്വിഫ്റ്റ് ജീവനക്കാര്‍ ഇതു നോക്കിനില്‍ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
അതേസമയം, ഡിപ്പോയില്‍ വിളിച്ചപ്പോള്‍ ഗ്ലാസ് അഴിച്ചെടുക്കാന്‍ അനുവാദം ലഭിച്ചതായി വിഡിയോ പ്രചരിപ്പിച്ചയാൾ കമന്റ് ബോക്സിൽ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ഒരു നടപടി ക്രമം ഇല്ലെന്നും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി. ബസിലെ ജിവനക്കാരെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും ഇവരില്‍നിന്ന് വിശദീകരണം തേടിയ ശേഷം തുടര്‍ നടപടികളിലേക്കു കടക്കുമെന്നും സ്വിഫ്റ്റ് മാനേജ്മെന്‍റ് അറിയിച്ചു.