ബെംഗളൂരുവിൽ മെട്രോയ്ക്ക് മുന്നിൽ ചാടിയ നിയമവിദ്യാർഥി മരിച്ചു, ട്രെയിനിടിച്ചുള്ള രണ്ടാമത്തെ മരണം

Mail This Article
ബെംഗളൂരു ∙അത്തിഗുപ്പെ മെട്രോ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടിയ നിയമവിദ്യാർഥി മരിച്ചു. മുംബൈ സ്വദേശിയും നാഷനൽ ലോ സർവകലാശാലയിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയുമായ ദ്രുവ ജാതിൻ താക്കാർ (19) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.10നാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ദ്രുവ ട്രെയിൻ വന്നപ്പോൾ പാളത്തിലേക്ക് ചാടി. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും 2 കോച്ചുകൾ ശരീരത്തിൽ കയറിയിറങ്ങി. സുരക്ഷാജീവനക്കാർ ദ്രുവയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് പർപ്പിൾ ലൈനിൽ മാഗഡി റോഡ് മുതൽ ചല്ലഘട്ടെ വരെ 2 മണിക്കൂർ മെട്രോ നിർത്തിവച്ചു. 4.17നാണ് പുനരാരംഭിച്ചത്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മെട്രോ സ്റ്റേഷനുകളിൽ സ്റ്റീൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന നടപടിയുമായി ബിഎംആർസി മുന്നോട്ട് പോകുന്നതിനിടെയാണ് ട്രാക്കിലേക്ക് ആളുകൾ ചാടിയുള്ള അപകടങ്ങൾ. 2 മാസത്തിനിടെ ഇതു മൂന്നാം സംഭവമാണ്. മെട്രോ സർവീസ് ആരംഭിച്ച് 13 വർഷത്തിനിടെ, ട്രെയിനിടിച്ചുള്ള രണ്ടാമത്തെ മരണമാണിത്. 2012ൽ എംജി റോഡ് സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 17 വയസ്സുകാരൻ ജീവനൊടുക്കിയിരുന്നു.
കഴിഞ്ഞ ജനുവരി ഒന്നിനു ഇന്ദിരാനഗർ സ്റ്റേഷനിൽ ട്രാക്കിലേക്ക് വീണ മൊബൈൽ ഫോൺ എടുക്കാൻ യുവതി ചാടിയെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് പർപ്പിൾ ലൈനിൽ 15 മിനിറ്റോളം സർവീസ് തടസ്സപ്പെട്ടു.
ജനുവരി 5നു ജാലഹള്ളി സ്റ്റേഷനിൽ ട്രാക്കിലേക്ക് ചാടിയ മലയാളി യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് ഗ്രീൻ ലൈനിൽ ഒന്നരമണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. മാർച്ച് 12ന് പട്ടണഗരെ–ജ്ഞാനഭാരതി സ്റ്റേഷനുകൾക്കിടയിലെ പാലത്തിലൂടെ അജ്ഞാതൻ നടന്നതിനെ തുടർന്ന് പർപ്പിൾ ലൈനിലെ സർവീസ് അരമണിക്കൂർ തടസ്സപ്പെട്ടിരുന്നു. ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും സിഗ്‌നൽ കേബിളുകളും മറ്റും മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)