ചിഹ്നം ലോഡ് ചെയ്ത ശേഷം വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കണം; നിർണായക നിർദേശം
Mail This Article
ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ വോട്ടിങ് മെഷീനുകള്‍ക്കൊപ്പം സീല്‍ചെയ്ത് സ്ട്രോങ് റൂമിൽ സൂക്ഷിക്കണമെന്നാണ് നിർദേശം. മേയ് ഒന്നു മുതൽ നിർദേശം നടപ്പിലാക്കണമെന്നും കോടതി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം 45 ദിവസത്തേക്ക് ഇത്തരത്തിൽ സൂക്ഷിക്കണം.
ഇലക്ട്രോണിക് വോട്ടിങ് മെഷീന് (ഇവിഎം) മൂന്നു ഭാഗങ്ങളാണുള്ളത്– ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരും ചിഹ്നവും വിവിപാറ്റിൽ അപ്‍ലോഡ് ചെയ്യാനാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് (എസ്‍എൽയു) ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നു പുറത്തിറക്കിയ ഉത്തരവിലാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നതിൽ അവശ്യ നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും നിർദേശം നൽകിയത്. നേരത്തേ പ്രാദേശിക പോൾ ഓഫിസർമാരാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്തിരുന്നത്.