അമിത് ഷായുടെ വ്യാജ വിഡിയോ: തെലങ്കാന കോൺഗ്രസിന്റെ സമൂഹമാധ്യമ ടീമിലെ 6 പേർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി∙ സംവരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന കോൺഗ്രസിന്റെ സമൂഹമാധ്യമ ടീമിലെ ആറു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. തെലങ്കാനയിൽ വച്ചാണ് അറസ്റ്റ്. തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജ് ഈ വിഡിയോ പങ്കുവച്ചിരുന്നു. പിസിസി അധ്യക്ഷനെന്ന നിലയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ഡൽഹിയിൽ ഹാജരാകാൻ പൊലീസ് സമൻസ് നൽകിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. സംഭവവുമായി രേവന്തിന് ബന്ധമില്ലെന്നാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.
ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ പിഎയും പ്രാദേശിക കോൺഗ്രസ് നേതാവുമായ സതീഷ് വൻസോല, ആം ആദ്മി പാർട്ടി ദാഹോദ് ജില്ലാ പ്രസിഡന്റ് രാകേഷ് ബരിയ എന്നിവർ കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസിന്റെ പിടിയിലായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതിലേറെപ്പേർക്ക് കേസുമായി ബന്ധപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
ബിജെപി സർക്കാരുണ്ടാക്കുമ്പോൾ, എസ്‍സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള 'ഭരണഘടനാവിരുദ്ധമായ സംവരണം' അവസാനിപ്പിക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്ന തരത്തിലാണ് വ്യാജ വിഡിയോ. തെലങ്കാനയിലെ മുസ്‍ലിം സംവരണം എടുത്തുകളയുമെന്ന അദ്ദേഹത്തിന്റെ യഥാർഥ പ്രസംഗമാണ് എഡിറ്റ് ചെയ്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചത്.