ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ആധിപത്യം. യുഡിഎഫ് 18 മണ്ഡലങ്ങളിൽ വിജയിച്ചു. എൽഡിഎഫ് ആലത്തൂർ മണ്ഡലത്തിൽ ഒതുങ്ങി. മന്ത്രി കെ.രാധാകൃഷ്ണനാണ് എൽഡിഎഫിനായി മണ്ഡലം തിരിച്ചു പിടിച്ചത്. തൃശൂരിൽ വിജയിച്ച് ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 74000 കടന്നു. രാഹുൽ ഗാന്ധി മൂന്നു ലക്ഷത്തിലധികം വോട്ടിനു വയനാട്ടിൽ ജയിച്ചു. തിരുവനന്തപുരത്ത് കനത്ത പോരാട്ടം കാഴ്ചവച്ച് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എതിരാളികളെ ഞെട്ടിച്ചു. ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് സ്ഥാനാർ‌ഥി അടൂർ പ്രകാശ് വിജയിച്ചു. 

കൊല്ലത്ത് മുകേഷിനെ പരാജയപ്പെടുത്തി എൻ.കെ.പ്രേമചന്ദ്രൻ യുഡിഎഫിനായി ഹാട്രിക് വിജയം നേടി. പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കും മൂന്നാം വിജയം. ആലപ്പുഴയിൽനിന്ന് മുതിർന്ന സിപിഎം നേതാവ് ടി.എം.തോമസ് ഐസക് എത്തിയിട്ടും മണ്ഡലം തിരിച്ചുപിടിക്കാനായില്ല. ഐസക്കിന്റെ പരാജയം പാർട്ടിക്ക് ആഴത്തിൽ പരിശോധിക്കേണ്ടിവരും. മാവേലിക്കരയിൽ കനത്ത പോരാട്ടത്തിനൊടുവിൽ കൊടിക്കുന്നിൽ സുരേഷ് എല്‍ഡിഎഫിലെ സി.എ.അരുൺ കുമാറിനെ പരാജയപ്പെടുത്തി. 

ആലപ്പുഴയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായിരുന്ന ‘ഒരേയൊരു കനൽ’ ഇത്തവണ അണഞ്ഞു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സിറ്റിങ് എംപി എ.എം.ആരിഫിനെ പരാജയപ്പെടുത്തി. എറണാകുളത്ത് ഉജ്വല ഭൂരിപക്ഷത്തോടെ ഹൈബി ഈഡൻ മണ്ഡലം നിലനിർത്തി. സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശിച്ചതുപോലെ എറണാകുളം ബാലികേറാമലയായി തുടരുന്നു. 

കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗത്തിനു തിരിച്ചടി നൽകി ഫ്രാൻസിസ് ജോർജ് വിജയിച്ചു. സിറ്റിങ് എംപി തോമസ് ചാഴികാടൻ പരാജയപ്പെട്ടു. പരാജയം എൽഡിഎഫിൽ ചൂടേറിയ ചർച്ചകൾക്കു വഴി തുറക്കാം. ഇടുക്കിയിൽ മികച്ച ഭൂരിപക്ഷത്തിൽ ഡീന്‍ കുര്യാക്കോസ് സിപിഎമ്മിലെ ജോയ്സ് ജോർജിനെ പരാജയപ്പെടുത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർഥികളായ ഇ.ടി.മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും വിജയിച്ചു. ചാലക്കുടി, കോൺഗ്രസിലെ ബെന്നി ബഹന്നാൻ നിലനിർത്തി. മു‌ൻ മന്ത്രി സി.രവീന്ദ്രനാഥ് പരാജയപ്പെട്ടു. ആലത്തൂരിൽ സിപിഎമ്മിന് ആശ്വാസ ജയം. കോൺഗ്രസിന്റെ സിറ്റിങ് എംപി രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി കെ.രാധാകൃഷ്ണൻ മണ്ഡലം പിടിച്ചു. 

പാലക്കാട് യുഡിഎഫിനെ കൈവിട്ടില്ല. സിപിഎം പിബി അംഗം എ.വിജയരാഘവൻ കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠനോട് പരാജയപ്പെട്ടു. കോഴിക്കോട്ട് എം.കെ.രാഘവൻ സീറ്റ് നിലനിർത്തി. സിപിഎമ്മിലെ ഇളമരം കരീം പരാജയപ്പെട്ടു. കനത്ത മത്സരപ്രതീതിയുണ്ടായ വടകരയിൽ ഷാഫി പറമ്പിൽ സിപിഎമ്മിലെ കെ.കെ.ശൈലജയെ പരാജയപ്പെടുത്തി. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിജയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു എതിരാളി. കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ സീറ്റ് നിലനിർത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. 

English Summary:

2024 Loksabha election UDF dominance in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com