ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അടുത്ത 6 മാസത്തിനുള്ളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിൽ വടകരയിൽ നിന്നും ചേലക്കര എംഎൽഎയായ മന്ത്രി കെ.രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. അവസാനനിമിഷം വരെ ഉദ്യോഗജനകമായ മത്സരം നടന്ന ആറ്റിങ്ങലിൽ അടൂർ പ്രകാശ് വിജയിച്ചതോടെ വർക്കല നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒഴിവായി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം

റായ്ബറേലിയിൽ കൂടി ജയിച്ച പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലെ എംപി സ്ഥാനം രാജിവച്ചേക്കും. അങ്ങനെയെങ്കിൽ രണ്ട് മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ ഉപതിരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും. ഇന്ത്യാ സഖ്യം ഇരുന്നൂറിലധികം സീറ്റ് നേടിയതിന്റെ പശ്ചാത്തലത്തിൽ പ്രിയങ്ക ഗാന്ധി തന്നെ രാഹുലിന്റെ ഒഴിവിൽ വയനാട്ടിലേക്കെത്തിയാലും അത്ഭുതപ്പെടാനില്ല. 

രാധാകൃഷ്ണൻ പാർലമെന്റിലേക്ക് പോകുന്നതോടെ സംസ്ഥാന മന്ത്രിസഭയിലും ഒഴിവ് വരും. ദേവസ്വം വകുപ്പാണ് രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്നത്. ഇ.കെ. നായനാർ മന്ത്രിസഭയിൽ മന്ത്രിയും വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്പീക്കറുമായിരുന്ന രാധാകൃഷ്ണനെ പോലെ മുതിർന്ന നേതാവ് ഒഴിയുന്നതിന്റെ വിടവ് നികത്തുക സിപിഎമ്മിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന മന്ത്രിസഭയിൽ മുഖം മിനുക്കലുണ്ടാകും. പുനസംഘടനയ്ക്കൊപ്പം വകുപ്പ് മാറ്റവും നടന്നേക്കാം. മന്ത്രിസഭയിലേക്ക് കടന്നുവരുന്ന പുതുമുഖം ആരായിരിക്കുമെന്നതും കേരള രാഷ്ട്രീയത്തിലെ കൗതുകമുണർത്തുന്ന ചോദ്യമാണ്. 

സിറ്റിങ് എംഎൽഎമാരായ കെ.കെ.ശൈലജയും ഷാഫി പറമ്പിലും മത്സരിച്ച വടകരയിൽ ആരു ജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യം ഉറപ്പായിരുന്നു. ഷാഫി ബിജെപിയോട് പൊരുതി ജയിക്കുന്ന പാലക്കാട് മണ്ഡലത്തിൽ പകരക്കാരനെ കണ്ടെത്താൻ യുഡിഎഫ് വിയർക്കുമെന്ന കാര്യത്തിൽ‌ സംശയമില്ല. ‌കരുത്തനെ നിർത്തിയില്ലെങ്കിൽ നിലവിലെ അന്തരീക്ഷത്തിൽ മണ്ഡലം ബിജെപിയിലേക്ക് ചായും. സിപിഎമ്മിനെ സംബന്ധിച്ചും സ്ഥിരമായി മൂന്നാം സ്ഥാനത്തെത്തുന്ന മണ്ഡലത്തിൽ ചീത്തപ്പേര് മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. 

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഷാഫി പറമ്പിലിന്റെ വിശ്വസ്തനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാൻ ഒരു വിഭാഗത്തിന് താൽപര്യമുണ്ട്. എന്നാൽ പത്തനംതിട്ടക്കാരനായ രാഹുലിനെ ഒരു വിഭാഗം എതിർക്കുന്നുമുണ്ട്. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാർഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ഇടതുകോട്ടയായ ചേലക്കര നിലനിർത്താമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ടെങ്കിലും പ്രചരണത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മുൻ എംപി പി.കെ. ബിജുവിനെ തന്നെ കളത്തിലിറക്കിയേക്കാം. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള കേളികൊട്ടായിരിക്കും ഉപതിരഞ്ഞെടുപ്പെന്ന് എൽഡിഎഫിന് നന്നായി അറിയാം. ചേലക്കരയിൽ കരുത്തനെ തിരഞ്ഞുപിടിക്കേണ്ടത് യുഡിഎഫിനും എൻഡിഎയ്ക്കും ഒരുപോലെ ബാധ്യതയാണ്

English Summary:

Political Changes Ahead: By-Elections and Cabinet Reshuffle in the State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com