‘മുറിയിൽ മകൻ കരയുകയായിരുന്നു; പ്രതിയെ മുറുകെ പിടിച്ചു, തുടർച്ചയായി കുത്തിയതോടെ പിടിവിട്ടു’

Mail This Article
മുംബൈ ∙ ജോലിക്കാരി ബഹളം വച്ചതുകേട്ടാണ് മുറിയിലിരിക്കുകയായിരുന്ന താനും കരീനയും മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നു സെയ്ഫ് അലിഖാൻ. അക്രമിയുടെ കുത്തേറ്റ നടന്റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തി. ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോൾ മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ കുത്തിയെന്നും സെയ്ഫ് മൊഴി നൽകി.
പ്രതി തുടർച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടിവിട്ടു. പ്രതിയെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളഞ്ഞതായാണ് നടൻ മൊഴിയിൽ പറയുന്നത്. നട്ടെല്ലിനു സമീപവും കഴുത്തിലുമായി 6 കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
അതേസമയം, അറസ്റ്റിലായ ബംഗ്ലദേശ് പൗരൻ മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദ് കേസിലെ യഥാർഥ പ്രതിയല്ലെന്ന് പിതാവ് രോഹുൽ അമീൻ ഇന്നലെ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞിരുന്നു.