‘ലൗ ജിഹാദ്’ ഗുരുതര പ്രശ്നമെന്ന് ബിജെപി; നിയമനിർമാണത്തിനു മഹാരാഷ്ട്ര, ഏഴംഗ സമിതി

Mail This Article
മുംബൈ ∙ നിർബന്ധിത മതപരിവർത്തനത്തിനും ‘ലൗ ജിഹാദിനും’ എതിരെ നിയമനിർമാണത്തിനു മഹാരാഷ്ട്രയും. നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. ഡിജിപി സഞ്ജയ് വര്‍മയാണു അധ്യക്ഷൻ. നിയമം, സാമൂഹിക നീതി, വനിതാ ശിശു വികസനം, ആഭ്യന്തരം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
ഹിന്ദു സ്ത്രീകളെ വശീകരിച്ചു വിവാഹം കഴിച്ചു മതപരിവർത്തനം ചെയ്യാൻ മുസ്‌ലിം പുരുഷന്മാർ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ആരോപിച്ച് ചിലർ ഉപയോഗിക്കുന്ന പദമാണു ‘ലൗ ജിഹാദ്’. മതപരിവർത്തനം, ലൗ ജിഹാദ് തുടങ്ങിയ പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ നിർദേശിക്കുകയാണു കമ്മിറ്റിയുടെ ചുമതല. ‘ലൗ ജിഹാദ്’ ഗുരുതര പ്രശ്നമാണെന്നും തടയേണ്ടതുണ്ടെന്നും മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മംഗൾ പ്രഭാത് ലോധ പറഞ്ഞു.
‘‘ഇത്തരം സംഭവങ്ങൾ തടയുന്നതിനാണു സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ലൗ ജിഹാദ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച കമ്മിറ്റി സ്ത്രീകളുടെ സംരക്ഷണത്തിനും സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിനും പ്രവർത്തിക്കും. കമ്മിറ്റി രൂപീകരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു നന്ദി’’– മംഗൾ പ്രഭാത് ലോധ അഭിപ്രായപ്പെട്ടു. പ്രണയവും വിവാഹവും പോലെ വ്യക്തിപരമായ വിഷയങ്ങളിലല്ല, മറിച്ച് സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണു സർക്കാർ ശ്രദ്ധിക്കേണ്ടതെന്നു ലോക്‌സഭാ എംപിയും എൻസിപി (ശരദ്ചന്ദ്ര പവാർ) വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുളെ പറഞ്ഞു.
ലൗ ജിഹാദ് വിഷയത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ നിയമം കൊണ്ടുവന്നിരുന്നു. കഴിഞ്ഞവർഷമാണ് ഉത്തർപ്രദേശ് നിയമസഭ മതപരിവർത്തന നിരോധന (ഭേദഗതി) ബിൽ പാസാക്കിയത്. ഭീഷണിപ്പെടുത്തിയോ വിവാഹ വാഗ്ദാനം നൽകിയോ ഒരാളെ മതപരിവർത്തനം നടത്തിയാൽ 20 വർഷം തടവോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.