കത്തി മുതൽ കരിങ്കൽ കഷണങ്ങൾ വരെ, വിദ്യാർഥികളുടെ ശരീരമാസകലം ഷേവ് ചെയ്തു; അറിഞ്ഞിട്ടും ഇടപെടാതെ സെക്യൂരിറ്റി?

Mail This Article
കോട്ടയം∙ ഗാന്ധിനഗര്‍ ഗവ.നഴ്സിങ് കോളജില്‍ ജൂനിയര്‍ വിദ്യാർഥികൾക്കെതിരെ ക്രൂരമായ റാഗിങ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്നു വിവരം. വിദ്യാർഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നാണ് സൂചന. എന്നാല്‍ ഇത്തരത്തില്‍ റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിനു സംശയം ഉണ്ട്.
റാഗിങ് നടന്ന മുറിയിൽ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. റാഗിങ്ങിനെതിരെ 4 വിദ്യാർഥികൾ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. ഇതിൽ ഒരാൾ പൊലീസിനും പരാതി നൽകി. സീനിയർ വിദ്യാർഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 10നു രാത്രി 11നു ശേഷമായിരുന്നു പീഡനം. റാഗിങ്ങിന് വിധേയനായ ലിബിൻ നൽകിയ പരാതിയിൽ അറസ്റ്റിലായ കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, സി.റിജിൽ ജിത്ത്, എൻ.വി.വിവേക് എന്നിവർ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നൽകിയത്. സീനിയേഴ്സ് ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്ന് അജിത്ത്, ദിലീപ്, ആദർശ് അരുൺ എന്നിവരാണ് റാഗ് ചെയ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയില്ല.
അതേസമയം, ലിബിനെ റാഗ് ചെയ്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ പ്രതികൾ അമലിനോടു നിർദേശിച്ചു. ഈ ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായി പൊലീസിനു ലഭിച്ചത്. ഇതിനുശേഷം ഏറെ നേരം അമലിനെ മുട്ടുകാലിൽ നിർത്തിയെന്നും കവിളിൽ അടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ബോയ്സ് ഹോസ്റ്റലിന്റെ താഴത്തെനിലയിൽ താമസിക്കുന്ന ജൂനിയർ വിദ്യാർഥികളെ ഫോണിൽ വിളിച്ച് മുകളിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു 13–ാം നമ്പർ മുറിയിൽ വച്ചാണ് ശരീരമാസകലം ഷേവ് ചെയ്തത്. പ്രതികൾ മദ്യലഹരിയിലായിരുന്നു. ഭാരതീയ ന്യായ സംഹിത 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോളജിന്റെ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധം ഇന്നും തുടരും. ഇന്ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ മാർച്ച് നടക്കുന്നുണ്ട്. കേരള ഗവൺമെന്‍റ് നഴ്സസ് യൂണിയനും കോളേജിനു മുന്നിൽ പ്രതിഷേധിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യം.