ബെംഗളൂരുവിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ ദൈവത്തിനു പോലും കഴിയില്ല: വിവാദ പരാമർശവുമായി ഡി.കെ. ശിവകുമാർ

Mail This Article
ബെംഗളൂരു ∙ ബെംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങളും അടിസ്ഥാന സൗകര്യപ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കാൻ ദൈവത്തിനു പോലും കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോഡ് നിർമാണത്തെ കുറിച്ചുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടോ മൂന്നോ വർഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാൻ കഴിയില്ല. ദൈവത്തിനു പോലും അതു ചെയ്യാൻ കഴിയില്ല. കൃത്യമായ ആസൂത്രണം നടത്തിയാൽ മാത്രമേ നടപ്പിലാക്കാൻ കഴിയൂവെന്നും ശിവകുമാർ പറഞ്ഞു.
ശിവകുമാറിന്‍റെ പ്രസ്താവന സംസ്ഥാനത്ത് ഇതിനോടകം വിവാദമായിട്ടുണ്ട്. ശിവകുമാറിന്റെ പ്രസംഗത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ കഴിവുകേടാണ് ശിവകുമാറിന്റെ പ്രസംഗത്തിലൂടെ വ്യക്തമായതെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ പറഞ്ഞു.
‘ബ്രാൻഡ് ബെംഗളൂരു’ ആക്കുമെന്ന് പറഞ്ഞയാൾ ദൈവത്തിനു പോലും ശരിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞത് വളരെ ദൗർഭാഗ്യകരമാണ്, പിന്നെ ആർക്ക് കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മെട്രോ വിപുലീകരണം വൈകുന്നതും പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് വിമർശനം ഉയരുന്നതിനിടെയാണ് ഡി.കെ. ശിവകുമാറിന്‍റെ പരാമർശം.