അഫാന്റെ ചിത്രത്തിൽ ഫർസാനയുടെ ചോര; ചുറ്റികവേട്ട ആരുടെ ആശയം?, സേർച്ച് ഹിസ്റ്ററി പരിശോധിക്കാൻ പൊലീസ്

Mail This Article
തിരുവനന്തപുരം ∙ എലിവിഷം കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഡോക്ടർമാരുടെ അനുവാദത്തോടെ പൊലീസ് സംഘം ചോദ്യം ചെയ്യാൻ എത്തിയെങ്കിലും കൃത്യമായ മൊഴി എടുക്കാൻ കഴിഞ്ഞില്ല. അഫാന്റെ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവർ സംസാരിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാരുടെ അനുവാദത്തോടെ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ചില സമയങ്ങളിൽ പരസ്പര ബന്ധമില്ലാതെയാണ് അഫാൻ സംസാരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യൽ. അഫാൻ കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ പരതിയ കാര്യങ്ങൾ എന്തൊക്കെയാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അഫാന്റെയും കൊല്ലപ്പെട്ട കാമുകി ഫർസാനയുടെയും ഫോണുകൾ പരിശോധിക്കും. സൈബർ വിഭാഗത്തിന് ഇതു സംബന്ധിച്ച് കത്തു നൽകി.
കൊലയ്ക്കു ചുറ്റിക ഉപയോഗിച്ചതിനു പിന്നിൽ അഫാന്റെ ആസൂത്രിത പദ്ധതിയുണ്ടാകാമെന്നാണു പൊലീസ് സംശയിക്കുന്നത്. ചുറ്റിക കൊണ്ട് അപ്രതീക്ഷിതമായി തലയ്ക്കടിയേൽക്കുമ്പോൾ ശബ്ദിക്കാൻ കഴിയാത്ത വിധം ഇര വീണുപോകും. എല്ലാ കൊലയ്ക്കും ഈ മാർഗമാണ് അഫാൻ സ്വീകരിച്ചത്. ചുറ്റിക കൊണ്ടുള്ള ആക്രമണങ്ങളെക്കുറിച്ച് അഫാൻ തിരഞ്ഞിരുന്നോ എന്നു സ്ഥിരീകരിക്കാൻ സമീപകാല ഇന്റർനെറ്റ് ഉപയോഗം പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.
എലിവിഷം സാവധാനം ആന്തരിക അവയവങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അഫാൻ നിരീക്ഷണത്തിലാണ്. എലിവിഷം കഴിച്ച രോഗിക്ക് ദിവസങ്ങൾക്കു ശേഷവും ആരോഗ്യനില മോശമാകാം. അതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. പേവാർഡിൽ 32ാം നമ്പർ മുറിയിൽ കൈവിലങ്ങിട്ടു കർശന പൊലീസ് സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി അസ്വസ്ഥനായ പ്രതി, മരുന്നു നൽകാനായി കയ്യിൽ ഘടിപ്പിച്ച കാനുല ഊരിക്കളഞ്ഞു. കൈവിലങ്ങിട്ടു വീണ്ടും ചികിത്സ നൽകിയതോടെ സഹകരിച്ചുതുടങ്ങിയെന്നു ഡോക്ടർമാർ പറഞ്ഞു.
ജീവനു തുല്യം സ്നേഹിച്ച് തന്റെയൊപ്പം വിശ്വസിച്ച് ഇറങ്ങിവന്ന ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചുറ്റിക കൊണ്ടുള്ള അടിയേറ്റു വികൃതമായ നിലയിലായിരുന്നു ഫർസാനയുടെ മുഖം. മുറി തുറന്ന് അകത്തു കടന്ന പൊലീസുകാരും ഒരു നിമിഷം ഞെട്ടി. ചാരിക്കിടക്കാവുന്ന പ്ലാസ്റ്റിക് കസേരയിൽ ചരിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. അടിയേറ്റു തകർന്ന മുഖമാകെ ചോര. നെറ്റിയിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് പല തവണ അടിച്ചിരുന്നു.
തലയുടെ പിൻഭാഗത്തുനിന്ന് ചോര നിലത്തേക്ക് വാർന്നൊഴുകി ചുറ്റും പരന്നൊഴുകിയ നിലയിലായിരുന്നു. മേശയിൽ വച്ചിരുന്ന അഫാന്റെ ചിത്രത്തിലേക്കും ഭിത്തിയിലേക്കും ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചുവീണിരുന്നു. ഒരു കുടയും ചാർജറും കുറച്ചു നാണയത്തുട്ടുകളുമാണ് മേശപ്പുറത്ത് ഉണ്ടായിരുന്നത്. അഫാന്റെ അനുജൻ അഹ്സാന്റെ മൃതദേഹം താഴത്തെ മുറിയിൽ രക്തത്തിൽ കുളിച്ച് കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.