‘ട്രംപിന്റേത് വെറും ഭീഷണി തന്ത്രം; ലക്ഷ്യം ആധിപത്യം സ്ഥാപിക്കൽ, ഇറാന് ഒരു കത്തും ലഭിച്ചിട്ടില്ല’

Mail This Article
ടെഹ്റാൻ∙ ആണവ കരാർ ചർച്ചയ്ക്കു തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണത്തിനു മറുപടിയുമായി ഇറാൻ. ഡോണാൾഡ് ട്രംപിന്റെത് വെറും ഭീഷണി തന്ത്രമാണെന്നാണ് ഇറാൻ പ്രതികരിച്ചത്. ചർച്ചയ്ക്കു തയ്യാറാകണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മറുപടിയുമായി രംഗത്തെത്തിയത്.
‘‘ചില വ്യക്തികള്‍ക്കും നേതാക്കള്‍ക്കും ‘മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ’ മാത്രമേ സാധിക്കുകയുള്ളൂ. ഇക്കൂട്ടരെ വിശേഷിപ്പിക്കാൻ ഇതിലും അനുയോജ്യമായ മറ്റൊരു പദം എനിക്കറിയില്ല. അവർ ചർച്ചകൾക്കു ഞങ്ങളെ നിർബന്ധിക്കുന്നു. ഈ ചർച്ചകൾ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയല്ല, മറിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള അവരുടെ ലക്ഷ്യത്തിനാണ്’’ – ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഖമയനി പറഞ്ഞു.
ട്രംപ് ഒരു കത്തും തങ്ങൾക്ക് അയച്ചിട്ടില്ലെന്നു നേരത്തേ തന്നെ ഇറാൻ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ പരമോന്നത നേതാവ് തന്നെ ട്രംപിനെ തള്ളി രംഗത്തെത്തിയത്. സമ്മർദ്ദം ചെലുത്തുന്നിടത്തോളം കാലം ഇറാൻ യുഎസുമായി ചർച്ച നടത്തില്ലെന്നു ടെഹ്‌റാൻ വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച രാജ്യാന്തര മാധ്യമത്തോട് പറഞ്ഞിരുന്നു. ട്രംപിന്റെ കത്ത് ഇതുവരെ ഇറാന് ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ എംബസിയുടെ വക്താവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.