ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പാങ്ങോട് സ്റ്റേഷനിൽ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്താണ് പ്രശ്നം എന്നു പൊലീസ് ചോദിച്ചപ്പോൾ താൻ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടർന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങൾ പൊലീസ് വാങ്ങി നൽകി. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മീൻകറി വേണമെന്ന് അഫാൻ ആവശ്യപ്പെട്ടിരുന്നു. 

രാത്രി കിടക്കുന്നതിനു വേണ്ടി പേപ്പറുകൾ നൽകിയിരുന്നു. ഇതിൽ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. ലഭിച്ച പത്രം മുഴുവൻ അഫാൻ വായിച്ചു തീർത്തു. തുടർന്ന് പത്രം പൊലീസ് തിരികെ വാങ്ങി. തനിക്ക് വെറും തറയിൽ കിടക്കാൻ കഴിയില്ലെന്ന് പറ‍‍ഞ്ഞതിനെത്തുടർന്ന് പൊലീസ് സെല്ലിൽ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ചു നൽകി.

എല്ലാവരെയും കൊലപ്പെടുത്താൻ ആദ്യം ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചതെന്നും കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയതെന്നുമാണ് അഫാൻ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കൊലപ്പെടുത്തുന്ന രീതിയും മറ്റും ഇന്റർനെറ്റിൽ തിരഞ്ഞിട്ടില്ലെന്നു മൊബൈൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇനി മുന്നോട്ടുപോകാൻ കഴിയാത്തവിധം കടം വന്നതിനാലാണ് കൊലപ്പെടുത്താൻ ഇപ്പോൾ തന്നെ തീരുമാനിച്ചത്. അമ്മ ഷെമി, സഹോദരിയുടെ കയ്യിൽനിന്ന് 30 പവൻ സ്വർണം വാങ്ങി പണയംവച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു. അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നൽകണമായിരുന്നു. അതിന് ഒരു മാർഗവുമില്ല. ഇതിനുപുറമെ, പിതാവിന്റെ സഹോദരന്റെ കയ്യിൽനിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും പ്രതി അഫാൻ തെളിവെടുപ്പിനിടെ മൊഴി നൽകി. 

ദിവസവും പലിശ നൽകുന്ന രീതിയിൽ ബ്ലേഡ് പലിശക്കാരിൽനിന്നാണ് കൂടുതൽ പണവും വാങ്ങിയതെന്നും അന്വേഷണസംഘത്തിന് നൽകിയ മൊഴിയിലുണ്ട്. അഫാൻ രണ്ടര ലക്ഷത്തിന്റെ ബൈക്കും പിന്നീട് കാറും വാങ്ങിയതോടെയാണ് കടം നൽകിയവർ സമ്മർദം ചെലുത്തിയത്. സുഹൃത്ത് ഫർസാനയിൽനിന്നു വാങ്ങിയ മാല ഫർസാനയും തിരികെ ചോദിച്ചിരുന്നു. പിതാവ് അറിയാതെയാണ് ഫർസാന അഫാന് മാല കൈമാറിയത്. പിതാവ് കണ്ടുപിടിക്കുമെന്ന് പറഞ്ഞാണ് ഫർസാന സമ്മർദം ചെലുത്തിയത്.

അഫാൻ പറഞ്ഞ 70 ലക്ഷത്തിന്റെ കടം അന്വേഷണസംഘവും സ്ഥിരീകരിച്ചു. അഫാന്റെയും ഷെമിയുടെയും മൊബൈലിൽനിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഷെമി ചിട്ടി നടത്തിയും സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് വിവരം. എന്നാൽ അഫാന്റെ പിതാവ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, അഫാന്റെ പിതാവ് കുറച്ചു പണം നാട്ടിലേക്ക് അയച്ചുവെന്നാണ് മൊഴി നൽകിയത്. എന്നാൽ ബാങ്ക് രേഖകളിൽ ഇതു കാണുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

തെളിവെടുപ്പ് പൂർത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാന്റെ മാനസികനില വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഡിഎംഒയ്ക്ക് ഉടൻ കത്തുനൽകും. ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചാൽ ഇക്കാര്യം കോടതിയിൽ അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാനാണ് പൊലീസ് തീരുമാനം.

English Summary:

Venjaramoodu Mass Murder: Kerala Mass Murder Suspect Afan's Strange Requests in Custody

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com