ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിനോട് ഔദ്യോഗികമായി മാപ്പു പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണു സെലെൻസ്കി ക്ഷമ ചോദിച്ചു കത്തെഴുതിയതായി സ്ഥിരീകരിച്ചത്. ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയിൽ ട്രംപും സെലെൻസ്കിയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടതിനു ദിവസങ്ങൾക്കു ശേഷമാണു ക്ഷമാപണം. രണ്ടു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച വൈകില്ലെന്നാണു സൂചന.

‘‘ട്രംപിനു സെലെൻസ്‌കി കത്ത് അയച്ചിരുന്നു. ഓവൽ ഓഫിസിൽ നടന്ന എല്ലാ സംഭവങ്ങൾക്കും അദ്ദേഹം ക്ഷമാപണം നടത്തി. ഇതു സുപ്രധാന നടപടിയായി കരുതുന്നു. യുഎസും യുക്രെയ്നും തമ്മിലും യുക്രെയ്നും യൂറോപ്പും തമ്മിലുമുള്ള ചർച്ചകൾ ഫലപ്രദമാകാൻ ഇത് ഉപകാരപ്പെടും’’– വിറ്റ്കോഫ് പറഞ്ഞു. കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്യുമ്പോൾ, സെലെൻസ്‌കിയുടെ കത്തു കിട്ടിയതായി ട്രംപ് പറഞ്ഞിരുന്നു. കത്തയച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്നുള്ള സൈനിക സഹായം യുഎസ് നിർത്തിവച്ചതിനു തൊട്ടുപിന്നാലെയാണു സെലെൻസ്കി കത്തയച്ചത്. ട്രംപുമായുണ്ടായ വാഗ്വാദത്തിൽ സെലെൻസ്കി നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. ധാതുഖനന കരാറിൽ ഒപ്പിടുന്നതുൾപ്പെടെ ശാശ്വത സമാധാനത്തിനായി ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തയാറാണെന്നും സെലെൻസ്കി പറഞ്ഞു. യുദ്ധം തുടങ്ങിയ നിമിഷം മുതൽ യുക്രെയ്ൻ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധം തുടരുന്നതിന്റെ ഒരേയൊരു കാരണം റഷ്യയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി യുഎസും യുക്രെയ്ൻ ഉദ്യോഗസ്ഥരും ഈ ആഴ്ച അവസാനം സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയുടെ ഫലങ്ങൾ തൃപ്തികരമാണെങ്കിൽ യുക്രെയ്‌നുള്ള സൈനിക സഹായം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

English Summary:

Zelenskyy Sent Apology Letter To Trump Over Oval Office Spat, Says US President’s Special Envoy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com