‘തിരിഞ്ഞു നോക്കാതെ ഓടാൻ പറഞ്ഞു; ആ തോക്കുധാരി അകത്തേക്കു കയറി അവരെ മുഴുവൻ വെടിവച്ചു’

Mail This Article
ക്വറ്റ (പാക്കിസ്ഥാൻ)∙ ‘അവർ ഞങ്ങളെ ഓരോരുത്തരെയായി പുറത്തിറക്കി. സ്ത്രീകളെയും മുതിർന്നവരെയും മാറ്റി നിർത്തി. ആരെയും ഉപദ്രവിക്കില്ലെന്നാണ് പറഞ്ഞത്. 185 പേരൊക്കെ പുറത്തേക്ക് വന്നു കഴിഞ്ഞപ്പോൾ ചിലരെയൊക്കെ തിരഞ്ഞുപിടിച്ച് മാറ്റി നിർത്തി വെടിവച്ചു’– പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയതിനുശേഷം നടത്തിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയായ മുഹമ്മദ് നവീദ് പറയുന്നു. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് പോകുകയായിരുന്ന പ്രതിദിന ട്രെയിനായ ജാഫർ എക്സ്പ്രസിനു നേരെ ബിഎൽഎ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടവർ ഭീതിയിൽനിന്ന് ഇനിയും മുക്തരായിട്ടില്ല.
‘‘ദുർഘടമായ പർവതനിരകൾ താണ്ടി മണിക്കൂറുകൾ നടന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഒരുക്കിയ ട്രെയിനിന് സമീപമെത്തിയത്. സ്ത്രീകൾ യാചിച്ചതു കൊണ്ട് അവർ ഞങ്ങളെ വെറുതെവിട്ടു. തിരിഞ്ഞു നോക്കാതെ ഓടാനാണ് അവർ ഞങ്ങളോടു പറഞ്ഞത്. ഓടുമ്പോൾ മറ്റുചിലരും ഞങ്ങൾക്കൊപ്പം ഉണ്ടെന്ന് കണ്ടു’’–ട്രെയിൻ ആക്രമണത്തിൽനിന്ന് രക്ഷപെട്ട 38കാരൻ ബാബർ മാസിഹ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.
ഈദ് ആഘോഷത്തിനായി പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രൻവാലയിലുള്ള വീട്ടിലേക്ക് കുടുംബവുമൊത്ത് പോകുകയായിരുന്നു നൊമാൻ അഹമ്മദെന്ന ഉരുക്കുപണിക്കാരൻ. ‘‘സ്ഫോടനശബ്ദം കേട്ടപ്പോൾ ഞങ്ങൾ ട്രെയിനിന്റെ തറയിലേക്ക് കിടന്നു വാതിലടച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു തീവ്രവാദി അകത്തേക്ക് വന്ന് സ്ത്രീകളെയും പ്രായമായവരെയും മാറ്റിനിർത്തി. മറ്റുള്ളവരെ നിർബന്ധിച്ച് പുറത്തേക്കിറക്കി അടുത്തുള്ള കുന്നിൻ മുകളിലേക്കു കൊണ്ടുപോയി. പരുക്കേറ്റ ചിലർ ട്രെയിനിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. അവരോട് പുറത്തേക്ക് വരാനാവശ്യപ്പെട്ടിട്ടും വരാതിരുന്നതോടെ തോക്കുധാരി അകത്തേക്കു കയറി അവരെ മുഴുവൻ വെടിവച്ചു’’– നൊമാനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ആകെ 450 യാത്രക്കാരാണു ട്രെയിനിൽ ഉണ്ടായിരുന്നത്. മഷ്കഫ് തുരങ്കത്തിൽവച്ചാണ് ട്രെയിൻ ആക്രമിക്കപ്പെട്ടത്. ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ട്രെയിൻ ആക്രമിച്ച ബലൂച് ലിബറേഷൻ ആർമിയുടെ 33 തീവ്രവാദികളെയും വധിച്ചതായി പാക്കിസ്ഥാൻ അറിയിച്ചു. 21 ബന്ദികൾ കൊല്ലപ്പെട്ടെന്നും ശേഷിച്ച എല്ലാ ബന്ദികളെയും രക്ഷപ്പെടുത്തിയെന്നും പാക്കിസ്ഥാൻ മന്ത്രി അത്താവുല്ല തരാർ പറഞ്ഞു.