ADVERTISEMENT

കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കെ.രാധാകൃഷ്ണൻ എംപിയെ ഇ.ഡി ചോദ്യം ചെയ്യുമെന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. സ്പേഡെക്സ് ഡി ഡോക്കിങ്ങിൽ ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം, ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി, നടി രന്യ പ്രതിയായ സ്വർണക്കടത്തിൽ സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ, യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളി അലക്‌സേജ് ബെസിയോകോവിനെ പിടിച്ച് കേരള പൊലീസ് – തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ വിശദമായി ഒരിക്കൽകൂടി വായിക്കാം

കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കെ.രാധാകൃഷ്ണൻ എംപിയെ ഇ.ഡി ചോദ്യം ചെയ്യും. ഇ.ഡി കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് അയച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ് അയച്ചിരുന്നത്. എന്നാൽ കെ. രാധാകൃഷ്ണൻ ഡൽഹിയിൽ ആയിരുന്നതിനാൽ ഇന്നു മാത്രമാണ് സമൻസ് കൈപ്പറ്റിയത്. അതിനാൽ ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമൻസ് അയയ്ക്കുമെന്നാണ് വിവരം.

ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്. ഇന്നു രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്.

തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(13)യുമാണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന മെമു ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.

കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്തു കേസിൽ സിഐഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടു ദിവസങ്ങൾക്കുശേഷം പിൻവലിക്കുകയായിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണു വര്‍ക്കലയിൽ അറസ്റ്റിലായത്. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ്.

English Summary:

Major News: Today's Recap 13-03-2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com