ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു കേരളത്തിനു അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ കടമെടുപ്പിനുള്ള അനുമതി സര്‍ക്കാരിന് ഏറെ ആശ്വാസമായി. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് അനുമതി തേടിയത്. വൈദ്യുതി മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിന് 6250 കോടിയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരുന്നതും മറ്റും കണക്കിലെടുത്ത് 6000 കോടിയും കടമെടുക്കാന്‍ അവകാശമുണ്ടെന്നാണു കേരളം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ 5990 കോടി കടമെടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) മാത്രം കേരളത്തിന്റെ ആകെ കടമെടുപ്പ് 42,000 കോടി രൂപയോളമായി. സര്‍ക്കാരിന്റെ പൊതുകടം ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷപ്രകാരം (2023-24) മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ ഒരുമാസം ശരാശരി 15,000 കോടി രൂപയാണ് ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിനു വേണ്ടത്. എന്നാല്‍, സാമ്പത്തിക വര്‍ഷത്തെ അവസാനമാസം ആയതിനാല്‍ ഈ മാസം മാത്രം 25,000 കോടി രൂപയുടെയെങ്കിലും ബില്ലുകള്‍ പാസാക്കി പണം നല്‍കേണ്ടതുണ്ട്.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിനത്തില്‍ ചെലവിട്ടത് പകുതി മാത്രമാണ്. 38,886 കോടിയാണ് ഈ വര്‍ഷത്തെ പദ്ധതി വിഹിതം. ഇതില്‍ 52 ശതമാനം തുകയേ ഇതുവരെ ചെലവിടാന്‍ കഴിഞ്ഞിട്ടുള്ളൂ. 21,838 കോടിയുടെ സംസ്ഥാന പദ്ധതികളില്‍ 54% മാത്രമാണു പുരോഗതി. തദ്ദേശ പദ്ധതികള്‍ 45 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 57 ശതമാനവും മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ട്രഷറി കാലിയായതോടെ റിസര്‍വ് ബാങ്കില്‍നിന്ന് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റും എടുത്താണ് കഴിഞ്ഞയാഴ്ചത്തെ ചെലവുകള്‍ക്കു പണം കണ്ടെത്തിയത്.

English Summary:

Kerala's Rs 5990 Crore Loan Approved: The central government has approved an additional Rs 5990 crore loan for Kerala, providing much-needed relief to the state's strained finances.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com