ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൽപറ്റ∙ ജനം ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഇന്ന് കൊടുത്തയച്ച കത്തിൽ 100 വീടുകൾ നിർമിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചതായി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ 100 വീടിനുള്ള പണം കഴിഞ്ഞ ദിവസം കൈമാറി. സ്കൂൾ വിദ്യാർഥികളുടെ എൻഎസ്എസ് 10 കോടി രൂപ നൽകി. വാഗ്ദാനം എന്തായാലും എന്തുവിലകൊടുത്തും നിറവേറ്റുന്നതാണ് നമ്മുടെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം അനുഭവിച്ച വേദനയ്ക്കിടയിൽ ഇത്തരമൊരു ഘട്ടം എല്ലാവരിലും നല്ല വികാരം ഉണർത്തുന്ന സമയമാണ്. നമ്മുടെ നാടിന്റെ ഒരുമയുടെ കരുത്താണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അസാധ്യമെന്ന് കരുതുന്ന എന്തും സാധ്യമാക്കാനാകും എന്നതാണ് നമ്മുടെ അനുഭവം. വലിയൊരു ജീവകാരുണ്യമാണ് ഫലവത്താക്കുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയി.

pinarayi-model-township
മോഡൽ ടൗൺഷിപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയ പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. (ചിത്രം∙ മനോരമ)

അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിന്റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണ്. അതിനോടൊപ്പം സർക്കാരിനും നിൽക്കാനായാൽ അസാധ്യമായത് സാധ്യമാക്കാൻ സാധിക്കും. ഇച്ഛാശക്തി ഉണ്ടാകുക എന്നതായിരുന്നു പ്രധാനം. അതിന്റെ തെളിവാണ് ഇവിടെയുയരുന്ന ടൗൺഷിപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇത്തരമൊരു ആശയം വന്നപ്പോൾ എല്ലാവരും അതുമായി സഹകരിക്കാൻ തയാറായി. പട്ടിണിക്കാർ മുതൽ പ്രവാസി സമൂഹം വരെ നമ്മോടൊപ്പം നിന്നു. കുടുക്ക പൊട്ടിച്ചു ചില്ലറ തുട്ടുകൾ തന്ന കുട്ടികൾ വരെയുണ്ട്. അവരൊടൊക്കെ നന്ദി പറഞ്ഞ് തീർക്കാൻ സാധിക്കില്ല. ൈഹക്കോടതിയും നമ്മോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകുന്നുണ്ട്. ദുരന്തമുണ്ടായപ്പോൾ സർക്കാർ ഇവിടെ തന്നെ ആസ്ഥാനമാക്കി പ്രവർത്തിച്ചു. എല്ലാം ഏകോപിപ്പിച്ച് നീങ്ങാൻ നമുക്ക് സാധിച്ചു. അതേ തരത്തിലുള്ള അസാധാരണ ഇടപെടലുകളാണ് പുനരധിവാസത്തിനും നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യത്തെ മാതൃകാ വീടിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്പോൺസർഷിപ്പിനുള്ള പോർട്ടലും അദ്ദേഹം ലോഞ്ച് ചെയ്തു. ജൂലൈ 30ന് ദുരന്തമുണ്ടായതു മുതൽ ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ചു നിന്നുവെന്ന് അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. ചരിത്ര നിമിഷത്തിനാണ് എൽസ്റ്റോൺ എസ്റ്റേറ്റ് സാക്ഷ്യം വഹിക്കുന്നത്. പുനർനിർമാണത്തിന്റെ ലോക മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന അഭിമാനകരമായ നിമിഷമാണിത്. മരിച്ചുപോയവരെ ഒഴിച്ച് ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും. ഒരു ദുരന്തബാധിതനും ഒറ്റപ്പെടില്ല. ദുരന്തമുണ്ടായി 63–ാം ദിവസം എസ്റ്റേറ്റുകൾ ഏറ്റെടുത്തു. കോടതി വ്യവഹാരങ്ങളിലേക്ക് പോയില്ലായിരുന്നെങ്കിൽ വീടുകളുടെ നിർമാണം പകുതിയെങ്കിലും പൂർത്തിയാക്കാമായിരുന്നു. അവസാനത്തെ ദുരന്തബാധിതനേയും പുനരധിവസിപ്പിക്കുമെന്നും രാജൻ പറഞ്ഞു.   

മന്ത്രിമാരായ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.ആർ. കേളു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാരായ പി.െക. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Model Township Inauguration: Despite lacking central assistance, the model township project, inaugurated by Chief Minister Pinarayi Vijayan, highlights the collective efforts of Keralites in rebuilding lives after the devastating Mundakkai and Chooralmala landslides.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com