ADVERTISEMENT

കൽപറ്റ∙ ഒറ്റ രാത്രികൊണ്ട് ഇല്ലാതായിപ്പോയ നാട് പുതിയ സ്ഥലത്ത് പുതിയ രീതിയിൽ ഉയർത്തെഴുന്നേൽക്കുന്നു. കേരളം മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായത്. 298 പേരാണ് നിമിഷ നേരം കൊണ്ട് ഇല്ലാതായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർത്തെറിഞ്ഞുകൊണ്ട് ഉരുൾജലം സംഹാര താണ്ഡവമാടി. ജീവനോടെ ശേഷിച്ചവർക്ക് ഉടുതുണി പോലും ഇല്ലാത്ത അവസ്ഥയായിരുന്നു.

ടൗൺഷിപ്പിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിൻറെ മാതൃക
ടൗൺഷിപ്പിൽ നിർമിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ മാതൃക

കരയാൻ പോലും സാധിക്കാതെ മരവിച്ചുപോയ ജനത്തെ കേരളം ചേർത്തു നിർത്തി. സർക്കാരും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും തുടങ്ങി അയൽ സംസ്ഥാനങ്ങൾ വരെ സഹായവുമായി ഓടിയെത്തി. ഉടനടി താൽക്കാലിക പരിഹാരം കണ്ടെത്തിയെങ്കിലും തല ചായ്ക്കാൻ സ്വന്തമായി ഒരിടം എന്നത് എല്ലാ ദുരന്തബാധിതരുടെയും വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടുന്നു. കേരളത്തിൽ മുൻപൊരിക്കലും നിർമിച്ചിട്ടില്ലാത്ത തരത്തിലാണ് കൽപറ്റയിൽ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കുന്നത്. ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന മാതൃകയായി ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

ടൗൺഷിപ്പിൽ നിർമ്മിക്കുന്ന ആരോഗ്യ കേന്ദ്രത്തിൻറെ മാതൃക
ടൗൺഷിപ്പിൽ നിർമിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ മാതൃക
ടൗൺഷിപ്പിൽ നിർമ്മിക്കുന്ന  പൊതുമാർക്കറ്റിൻറെ മാതൃക
ടൗൺഷിപ്പിൽ നിർമിക്കുന്ന പൊതുമാർക്കറ്റിന്റെ മാതൃക

ടൗൺഷിപ്പ് പദ്ധതി

∙കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം
∙ 26 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തത്
∙ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്
∙ ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ടു മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയുൾപ്പെടുന്നതാണ് വീട്.
∙ ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും
∙ ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷൻ തിയറ്റർ, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും

ടൗൺഷിപ്പിൽ നിർമിക്കുന്ന വീടിന്റെ തറ അടയാളപ്പെടുത്തിയിരിക്കുന്നു. (Photo:Arranged)
ടൗൺഷിപ്പിൽ നിർമിക്കുന്ന വീടിന്റെ തറ അടയാളപ്പെടുത്തിയിരിക്കുന്നു. (Photo:Arranged)

∙ ക്ലാസ് മുറി, ഡൈനിങ് റൂം, സ്റ്റോര്‍, അടുക്കള, അകത്തും പുറത്തുമായി കളിസ്ഥലം എന്നിവയോടുകൂടിയ അങ്കണവാടി പദ്ധതിയുടെ ഭാഗമാണ്

∙ ഓപ്പണ്‍ മാര്‍ക്കറ്റ്, കടകള്‍, സ്റ്റാളുകള്‍, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ സജ്ജീകരിക്കും
∙മൾട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കും
∙ടൗൺഷിപ്പിനുള്ളിൽ ആധുനിക നിലവാരത്തിൽ റോഡുകൾ നിർമിക്കും
∙ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 പേരിൽ ടൗണ്‍ ഷിപ്പില്‍ വീടിനായി 175 പേർ സമ്മതപത്രം നൽകി
∙ രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട 69 പേരാണ് ഇതുവരെ ടൗണ്‍ ഷിപ്പില്‍ വീടിനായി സമ്മതപത്രം നൽകിയിട്ടുള്ളത് (രണ്ടാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ മൂന്ന് വരെ സമ്മത പത്രം നൽകാം. അതിന് ശേഷമേ അന്തിമ കണക്ക് ലഭ്യമാകൂ.)
∙ ഏപ്രില്‍ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.
∙ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് നിർമാണം
∙ 410 വീടുകൾ നിർമിക്കാനാണ് ഊരാളുങ്കലിന് നിർദേശം ലഭിച്ചിരിക്കുന്നത്.
∙ ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.

English Summary:

Township for Wayanad landslide victims: What is the township project? Who all are the beneficiaries?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com