ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന് ജാമ്യമനുവദിച്ച് ഹൈക്കോടതി

Mail This Article
കൊച്ചി ∙ പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസിലെ മുഖ്യപ്രതി കെ.മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. കൊടുവള്ളി എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ സിഇഒ കൂടിയായ ഷുഹൈബ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്. കേസിൽ ഏറ്റവുമൊടുവിൽ അറസ്റ്റിലായ മലപ്പുറത്തെ സ്കൂൾ ജീവനക്കാരൻ അബ്ദുൾ നാസറാണ് ചോദ്യക്കടലാസ് ചോർത്തി എംഎസ് സൊലൂഷൻസിലെ അധ്യാപകൻ ഫഹദിന് നൽകിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകർ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
പൊലീസ് കേസ് എടുത്തതോടെ ഒളിവിൽ പോയ ഷുഹൈബ് ഹൈക്കോടതിയും മുൻകൂർ ജാമ്യം നിരസിച്ചതോടെ പൊലീസ് മുൻപാകെ ഹാജരാവുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഇതും തള്ളിയിരുന്നു. ഇതോടെയാണ് ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.