ADVERTISEMENT

കൊച്ചി ∙ ‘മണ്ണുവിറ്റും കോടീശ്വരനാകാം, സ്വർണമുള്ള മണ്ണ്’! സ്വർണപ്പണികൾ നടക്കുന്ന സ്ഥലത്തുനിന്നു ശേഖരിച്ച മണ്ണ് അരിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നും ആവശ്യമുള്ളവർ ബന്ധപ്പെടാനുമായിരുന്നു ഗുജറാത്ത് സ്വദേശികളുടെ പ്രചാരണം. കേൾക്കുമ്പോൾ കൊള്ളാമെന്നു തോന്നാമെങ്കിലും സംഭവം വൻ തട്ടിപ്പായിരുന്നു. 5 ടൺ മണ്ണിന് ഓർഡർ നൽകിയ തമിഴ്നാട് സ്വദേശികൾക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ.

ഗുജറാത്ത് സ്വദേശികളായ 4 പേരാണ് പണം തട്ടിയത്. ഇതിനായി പ്രതികൾക്ക് വേണ്ടിവന്നത് കുറച്ചു ചാക്ക് മണ്ണും ഏതാനും തരി സ്വർണപ്പൊടികളും മാത്രം. തമിഴ്നാട് സ്വദേശികളുടെ പരാതിയിൽ ഗുജറാത്ത് സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് (37), വിപുൽ മഞ്ജി (43), ധർമേഷ് (38), കൃപേഷ് (35) എന്നിവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനു കീഴിലുള്ള നോർത്ത് ജനതാ റോഡിൽ ഗുജറാത്തിലെ സൂറത്ത് സ്വദേശികൾ വ്യാപാരത്തിനെന്ന പേരിൽ കെട്ടിടം വാടകയ്ക്കെടുത്താണ് തട്ടിപ്പിനു തുടക്കമിട്ടത്. അതിനുശേഷം 500 ചാക്കുകളിൽ മണ്ണു നിറ‍ച്ച് കെട്ടിടത്തിൽ എത്തിച്ചു. സ്വർണാഭരണ ഫാക്ടറികളിൽ നിന്നു ശേഖരിക്കുന്ന മണ്ണ് വിൽക്കുന്ന സംഘം കൊച്ചിയിലുണ്ടെന്ന് ഏജന്റുമാർ മുഖേനെ പ്രചരിപ്പിച്ചു. സ്വർണപ്പണികളും മറ്റും നടക്കുന്നിടത്തു നിന്നു മണ്ണ് ശേഖരിച്ച് അരിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് പതിവായതിനാൽ ഈ പ്രചാരണത്തിൽ തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാർ കൊത്തി. 

കൊച്ചിയിലെത്തിയ സ്വർണപ്പണിക്കാർ ഗുജറാത്തികളെ ബന്ധപ്പെട്ടു. നോർത്ത് ജനതാ റോഡിലെത്തിയ നാമക്കൽ‍ സ്വദേശികളെ ഗുജറാത്ത് സ്വദേശികൾ മണ്ണിന്റെ ചാക്കുകെട്ടുകൾ കാണിച്ചു. ഇതിൽ നിന്ന് അഞ്ചു കിലോ സാംപിൾ എടുപ്പിച്ച ശേഷം ഒരു മുറിയിൽ പ്രത്യേകം തയാറാക്കിയിരുന്ന മേശയ്ക്ക് മുകളിലെ ത്രാസിലേക്ക് വച്ച് തൂക്കം നോക്കി. 5 കിലോഗ്രാം മണ്ണുമായി പോയ സ്വർണപ്പണിക്കാർ അത് അരിച്ചു നോക്കിയപ്പോൾ ലഭിച്ചത് സ്വർണം. ഇതോടെ ഗുജറാത്ത് സ്വദേശികളെ വിശ്വാസത്തിലെടുത്ത നാമക്കല്ലുകാർ തിരിച്ച് കൊച്ചിയിലെത്തി ഓർഡർ കൊടുത്തത് 5 ടൺ മണ്ണിന്. ഇതിന്റെ വിലയായി 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ 2 ചെക്കുകളും ഗുജറാത്ത് സ്വദേശികൾക്ക് കൈമാറി. എന്നാൽ കബളിപ്പിക്കപ്പെട്ടു എന്നു മനസിലാകാൻ അധികം വൈകിയില്ല. 

നാമക്കൽ സ്വദേശികൾ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയും കൊച്ചിയിലെ വിവിധ ഒളിത്താവളങ്ങളിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾക്കെതിരെ തമിഴ്നാട് സേന്ദമംഗലം പൊലീസ് സ്റ്റേഷനിലും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും ലഭിച്ച പരാതികളിലും അന്വേഷണം നടന്നു വരികയാണ്. 

നാമക്കൽ സ്വദേശികളെ തട്ടിപ്പുകാർ കബളിപ്പിച്ചത് ആസൂത്രിതമായാണ്. ത്രാസിൽ മണ്ണ് തൂക്കുന്ന സമയത്ത് മേശയ്ക്കടിയിൽ രഹസ്യമായി ഒളിച്ചിരുന്ന പ്രതികളിലൊരാൾ മേശയിലും ത്രാസിലും നേരത്തെ ഉണ്ടാക്കിയിട്ടുള്ള ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണ ലായനി ഇൻജക്ട് ചെയ്തു കയറ്റുകയായിരുന്നു. ഈ സ്വർണമടങ്ങിയ മണ്ണാണ് നാമക്കൾ സ്വദേശികൾ പിന്നീട് കൊണ്ടുപോയി പരിശോധിച്ചതും സ്വർണം കണ്ടെത്തിയതും.

English Summary:

Kochi gold sand scam: Four Gujarat men were arrested for a massive gold sand scam that cheated Tamil Nadu goldsmiths out of 50 lakh rupees.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com