‘എമ്പുരാൻ’ കണ്ട് മുഖ്യമന്ത്രിയും കുടുംബവും; പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ

Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ‘എമ്പുരാൻ’ കണ്ടു. ഇന്നലെ രാത്രി എട്ടിന് ലുലു മാളിലെ തിയറ്ററിലാണ് സിനിമ കണ്ടത്. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ‘എമ്പുരാൻ’ സിനിമയിൽനിന്നു പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇന്നും നാളെയും അവധിയായതിനാൽ പുതിയ പതിപ്പ് ചൊവ്വാഴ്ച സെൻസർ ബോർഡിനു നൽകും. തുടർന്ന് ബുധനാഴ്ചയോടെ തിയറ്ററുകളിൽ എത്തിക്കാനാണു ശ്രമം.
സ്ത്രീകൾക്കെതിരായ അക്രമവും ചില കലാപരംഗങ്ങളും എൻഐഎയുടെ ബോർഡുള്ള കാറിന്റെ ദൃശ്യവുമാണ് ഒഴിവാക്കുന്നത്. എഡിറ്റ് ചെയ്തു നീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കും. വില്ലന്റെ പേരുമാറ്റുമെന്നു പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. അതേസമയം സിനിമയ്ക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ ഇന്ന് ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.