ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് രേഖകൾ കടത്താൻ ശ്രമം: 5 ചൈനീസ് പൗരന്മാർ പിടിയിൽ

Mail This Article
ബാങ്കോക്ക്∙ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽനിന്നു നിർണായക രേഖകൾ എടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചൈനീസ് പൗരന്മാരായ അഞ്ചുപേർ തായ്‌ലൻഡിലെ ചതുചക് ജില്ലയിൽ അറസ്റ്റിലായി. കെട്ടിടം തകർന്ന മേഖലയിലേക്കുള്ള പ്രവേശനം പൊലീസിനും രക്ഷാ പ്രവർത്തകർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇവിടെനിന്നാണു നിർണായക രേഖകളായ കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ്, മറ്റ് രേഖകൾ തുടങ്ങിയവ കടത്താൻ ശ്രമിച്ചതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം സെക്കൻഡുകൾക്കുള്ളിൽ നിലംപരിശായിരുന്നു. ഇതിനുപിന്നാലെ മേഖല ദുരന്തബാധിതമായി പ്രഖ്യാപിച്ചു പ്രവേശനം നിരോധിച്ചിരുന്നു. അനുമതിയില്ലാതെയാണ് ചൈനീസ് പൗരന്മാർ ഇവിടെക്കയറിയത്. രേഖകൾ കടത്താൻ ശ്രമിക്കുന്നതു കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
കെട്ടിടത്തിന്റെ ബ്ലൂപ്രിന്റുകളും മറ്റ് അനുബന്ധ സാധനങ്ങളും നീക്കാൻ ശ്രമിച്ചത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. നിർമാണത്തിലിരിക്കുന്ന നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുപോലെ തകർച്ച സംഭവിച്ച മറ്റൊരു കെട്ടിടവും ബാങ്കോക്കിൽ ഇല്ല. അതുകൊണ്ടു നിർമാണത്തിൽ പാളിച്ച വന്നിട്ടുണ്ടെന്നാണു നിഗമനം. തായ്‌ലൻഡിന്റെ സ്റ്റേറ്റ് ഓഡിറ്റ് ഓഫിസിന്റെയാണ് (എസ്എഒ) കെട്ടിടം. സംഭവത്തിൽ തായ്‌ലൻഡ് ഉപപ്രധാനമന്ത്രി അനുടിൻ ചാൺവിരാകുൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ വിദഗ്ധർ അടങ്ങുന്ന സംഘം കെട്ടിടത്തിന്റെ തകർച്ചയുടെ കാരണം കണ്ടെത്തണമെന്നാണ് നിർദേശം.