33 നില കെട്ടിടം സെക്കൻഡുകൾക്കുള്ളിൽ വീണു; മറ്റുള്ളവയ്ക്ക് പ്രശ്നമില്ല: ചൈനീസ് നിർമാണ കമ്പനിക്കെതിരെ അന്വേഷണം

Mail This Article
ബാങ്കോക്ക്∙ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ തായ്‌ലൻഡിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണം. ചൈനീസ് ബന്ധമുള്ള കെട്ടിടനിർമാതാക്കളാണ് ഇതു നിർമിച്ചത്. ഭൂകമ്പത്തിൽ വെറും സെക്കൻഡുകൾക്കുള്ളിലാണ് കെട്ടിടം നാമാവശേഷമായത്. പൊടിയും അവശിഷ്ടങ്ങളും ബാക്കിയാക്കിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിപ്പോയിരുന്നു.
നിർമാണത്തിലിരിക്കുന്ന നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുപോലെ തകർച്ച സംഭവിച്ച മറ്റൊരു കെട്ടിടവും ബാങ്കോക്കിൽ ഇല്ല. അതുകൊണ്ടു നിർമാണത്തിൽ പാളിച്ച വന്നിട്ടുണ്ടെന്നാണു നിഗമനം. 45 മില്യൻ പൗണ്ടിൽ അധികമാണ് മൂന്നു വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന ഈ കെട്ടിടത്തിനായി തായ്‌ലൻഡ് വകയിരുത്തിയിരിക്കുന്നത്. തായ്‌ലൻഡിന്റെ സ്റ്റേറ്റ് ഓഡിറ്റ് ഓഫിസിന്റെയാണ് (എസ്എഒ) കെട്ടിടം. സംഭവത്തിൽ തായ്‌ലൻഡ് ഉപപ്രധാനമന്ത്രി അനുടിൻ ചാൺവിരാകുൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ വിദഗ്ധർ അടങ്ങുന്ന സംഘം കെട്ടിടത്തിന്റെ തകർച്ചയുടെ കാരണം കണ്ടെത്തണമെന്നാണ് നിർദേശം.
എസ്എഒ കെട്ടിടം ഇറ്റാലിയൻ – തായ് ഡെവലപ്മെന്റ് പിഎസിയുടെയും ചൈന റെയിൽവേ നമ്പർ 10 (തായ്‌ലൻഡ്) ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ്. 2018ലാണ് ചൈന റെയിൽവേ നമ്പർ 10 (തായ്‌ലൻഡ്) ലിമിറ്റഡ് സ്ഥാപിച്ചത്. വലിയ നിർമാണ പ്രോജക്ടുകളുടെ കോൺട്രാക്ടർ ആയാണ് പ്രവർത്തനം.
∙ 83 പേരെ കാണാനില്ല
ഇവിടെമാത്രം ഇതുവരെ 17 പേർ മരിച്ചുവെന്നും 32 പേർക്ക് പരുക്കേറ്റുവെന്നും വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 83 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരിൽ കൂടുതലും നിർമാണ തൊഴിലാളികളാണ്. ജീവനോടുള്ളവരെയെങ്കിലും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. തെർമൽ ഇമേജിങ് ഡ്രോണുകൾ നടത്തിയ പരിശോധനയിൽ കുറഞ്ഞത് 15 പേരെങ്കിലും ജീവനോടെ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടാകാമെന്നാണ് കരുതുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ പരിശോധനയിൽനിന്ന് ഇതുവരെ എട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മ്യാൻമറിൽ ഇതുവെ 1600ൽ അധികംപേർ മരിച്ചുവെന്നാണ് വിവരം. ആയിരത്തിലേറെപ്പേർക്കു പരുക്കേറ്റു. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്താണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിൽ കനത്ത നാശനഷ്ടമുണ്ടായി. പ്രശസ്തമായ എവാ പാലവും തകർന്നു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി.