സിഇഒ സാം ആൾട്മാനെ ഓപൺഎഐ പുറത്താക്കി

Mail This Article
ന്യൂയോർക്ക് ∙ ചാറ്റ്ജിപിടി, ഡാൽ–ഇ തുടങ്ങിയ എഐ സാങ്കേതികവിദ്യകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനിയായ ഓപൺഎഐ സിഇഒ സാം ആൾട്മാനെ കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുറത്താക്കി. അൽബേനിയൻ വംശജയും നിലവിൽ ഓപൺഎഐ സിടിഒയുമായ മീര മുറാത്തി ആണ് ഇടക്കാല സിഇഒ.
കമ്പനി ബോർഡുമായുള്ള ആൾട്മാന്റെ ആശയവിനിമയം സുതാര്യമല്ലെന്നും ഇതു ബോർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ആൾട്മാനെ പുറത്താക്കിയത്. ഓപൺ എഐ ബോർഡ് ഓഫ് ഡയറക്ടേഴ്സുമായി ഏതാനും നാളുകളായി ആൾട്മാൻ സ്വരച്ചേർച്ചയിലായിരുന്നില്ല. കമ്പനിയുടെ ഭാവി പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചതാണു പെട്ടെന്നുള്ള നടപടിക്കു കാരണം. എന്നാൽ, സാം ആൾട്മാൻ പുറത്തായതോടെ കമ്പനിയിൽ വൻനിക്ഷേപം നടത്തിയ മൈക്രോസോഫ്റ്റിന് ഓപൺഎഐയിൽ സ്വാധീനം വർധിക്കും.
ഓപൺഎഐ സഹസ്ഥാപകനായ ഇല്യ സട്സ്‌കെവർ ആണ് ഗൂഗിൾ മീറ്റ് വഴി ആൾട്മാനെ പുറത്താക്കിയത്. ഓപൺ എഐയുടെ തുടക്കം മുതൽ ഇലോൺ മസ്കിനൊപ്പം കമ്പനിയുടെ ധനസമാഹരണത്തെ പിന്തുണച്ച സാം ആൾട്മാന്റെ ഇടപെടൽ മൈക്രോസോഫ്റ്റിൽ നിന്നുൾപ്പെടെയുള്ള നിക്ഷേപങ്ങൾ നേടുന്നതിൽ നിർണായകമായിരുന്നു. ഓപൺഎഐയെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ചാറ്റ്ജിപിടി അവതരിപ്പിച്ചതും സാം ആൾട്മാന്റെ നേതൃത്വത്തിലാണ്.
ആൾട്മാനെ അപ്രതീക്ഷിതമായി പുറത്താക്കിയത് സിലിക്കൺ വാലിയിൽ ആകെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 1985ൽ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സിനെ ആപ്പിൾ പുറത്താക്കിയതിനോടാണ് ഓപൺഎഐ ബോർഡിന്റെ നടപടിയെ പലരും സാമ്യപ്പെടുത്തുന്നത്.