ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിങ് പാക്കിസ്ഥാനിൽ മരിച്ചു
Mail This Article
ഇസ്‌ലാമാബാദ് ∙ ഇന്ത്യ തിരയുന്ന ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിങ് റോഡ് (72) പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ മരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യമെന്നാണു വിവരം. നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ പ്രധാന നേതാവാണ്.
പഞ്ചാബിലെ മോഗ സ്വദേശിയാണ്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാല, ലഖ്ബീർ സിങ്ങിന്റെ അമ്മാവനാണ്. 1984ൽ ഭിന്ദ്രൻവാല കൊല്ലപ്പെട്ടതിനുപിന്നാലെ ലഖ്ബീർ പാക്കിസ്ഥാനിലേക്കു കടന്നു. തുടർന്നു കുടുംബാംഗങ്ങൾക്കൊപ്പം കാനഡയിലേക്കു പോയി. 1991 മുതൽ ലഹോർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. പഞ്ചാബിലേക്ക് ആയുധക്കടത്തും ഭീകരപ്രവർത്തനവും നടത്തിവരികയായിരുന്നു. വിട്ടുനൽകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട 20 ഭീകരരിൽ ഒരാളാണ്.
ലഖ്ബീർ സിങ് സ്ഥാപിച്ച ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷന് യുകെ, ജർമനി, കാനഡ, യുഎസ് എന്നിവിടങ്ങളിൽ പ്രവർത്തകരുണ്ട്. പഞ്ചാബിലെ ജലാലാബാദിൽ 2021 സെപ്റ്റംബർ 15ന് നടന്ന സ്ഫോടനത്തിനു പിന്നിൽ ലഖ്ബീർ ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. എൻഐഎ 6 കേസുകളെടുത്തിട്ടുണ്ട്. അതിനിടെ, ലഖ്ബീർ സിങ്ങിന്റെ വിശ്വസ്തൻ പരംജിത് സിങ് (പഞ്ചാബ് സിങ്) അമൃത് സർ വിമാനത്താവളത്തിൽ പൊലീസ് പിടിയിലായി. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ പരംജിത് ഒട്ടേറെ ഭീകരപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നു പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.