സ്വയം ആപ്പിലാവാതെ ശ്രദ്ധിക്കണ്ടേ ട്രമ്പാനേ

Mail This Article
ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്.
മേൽപ്പറഞ്ഞ പേരുകാരെല്ലാം മെക്സിക്കൻ ഹിസ്പാനിക്കുകളാണെന്നു മനസിലായല്ലോ. അമേരിക്കയിൽ അവർ ‘ഇല്ലീഗൽസ്’ ആയിരുന്നേ! എന്നു വച്ചാൽ ‘പേപ്പർ’ ഇല്ലാത്തവർ. വീസയോ, വർക്ക് പെർമിറ്റോ ഒന്നും ഇല്ലാത്തവരെയാണ് പേപ്പർ ഇല്ലാത്തവരെന്നു വിളിക്കുന്നത്. റെയ്ഡ് വന്ന് പിടികൂടി തിരിച്ചുവിട്ടാലോന്നു പേടിച്ച് സകലരും മുങ്ങിയിരിക്കുകയാണത്രെ.
നമ്മളെപ്പോലുള്ള ഇന്ത്യൻ ദ്രാവിഡരും കുടുങ്ങിയിട്ടുണ്ട്. യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന പിള്ളാർക്ക് ക്യാംപസിൽ 20 മണിക്കൂർ ആഴ്ചയിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. പുറത്തിറങ്ങി ഗ്രോസറി സ്റ്റോറിലോ, ചായക്കടയിലോ നിന്നാൽ പിടിവീഴാം. റെയ്ഡ് പേടിച്ച് പിള്ളേരും മുങ്ങിയിരിക്കുന്നു. ട്രംപ് വീണ്ടും വന്ന് 4 വെള്ളിയാഴ്ച തികയും മുമ്പേ യുഎസിലാകെയുള്ള സ്ഥിതിയാണിത്.
എന്നാൽ പിന്നെ യുഎസ് പൗരത്വമുള്ള കൊക്കേസിയൻ സായിപ്പിനെ തന്നെ ജോലിക്കു വയ്ക്കാമെന്നു വിചാരിച്ചാലോ? പുല്ലുവെട്ടാനും മഞ്ഞ് കോരാനും ചായക്കടയിൽ പ്ളേറ്റെടുക്കാനുമൊന്നും അവരെ കിട്ടില്ല. കിട്ടിയാലും മണിക്കൂറിന് വൻ കൂലിയും പിന്നെ ഇൻഷുറൻസും ഓവർടൈമിന് ഇരട്ടി കാശും കൊടുക്കണം. മെക്സിക്കോക്കാർക്കും യൂണിവേഴ്സിറ്റി പിള്ളേർക്കും മണിക്കൂറിന് 15 ഡോളർ (1300 രൂപ) കൊടുത്താൽ സന്തോ...ഷം!
പച്ചക്കറിയും പഴങ്ങളും ഇറച്ചിയും പലതരം ലൊട്ടുലൊടുക്കുകളും മെക്സിക്കൻ അതിർത്തി കടന്നു വരുന്നുണ്ട്. അതിർത്തിയിൽ അനേകം ഫാക്ടറികളുണ്ട്. അസംബ്ളിങ്, പാക്കിങ്, ലേബലിങ് പ്രധാന പരിപാടി. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്താൽ 10% ഡ്യൂട്ടി വരുമെന്നതിനാൽ പകരം മെക്സിക്കോയിൽ ഇറക്കിയിട്ട് അതിർത്തിയിൽ വച്ച് മെക്സിക്കൻ ലേബൽ ഒട്ടിക്കും. ഡ്യൂട്ടി ഇല്ല. അമേരിക്കക്കാരെ ആകർഷിക്കുംവിധം പാക്കേജിങ് നടത്തും. ട്രമ്പാന് ഈ കള്ളത്തരമൊക്കെ അറിയാം.
പക്ഷേ വിലക്കയറ്റം പിടിച്ചു നിർത്താൻ ഇതൊക്കെ വേണം താനും. ഇല്ലീഗൽസാണ് അമേരിക്കയിൽ കൃഷിപ്പണിയിലും ചെറിയ ജോലികളിലും ഭൂരിപക്ഷം. ട്രമ്പാനെ പിന്തുണയ്ക്കുന്ന അമേരിക്കൻ കർഷകർ ഇവരെ തിരിച്ചയയ്ക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇലക്‌ഷൻ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാൻ ശ്രമിച്ചാൽ അമേരിക്കയും ആപ്പിലാവും.
ഒടുവിലാൻ∙ ലാറ്റിൻ അമേരിക്കക്കാർ കൂട്ടത്തോടെ സ്ഥലം വിട്ടാൽ നമ്മുടെ കയറ്റുമതിക്കും തട്ടുകേടാണ്. നമ്മുടെ മസാലകളും ഏത്തക്കാ ചിപ്സും റെഡി ടു കുക്ക് ഐറ്റംസും മറ്റും മലയാളികൾ മാത്രമല്ല വാങ്ങുന്നത്. എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കുന്ന ഹിസ്പാനിക്കുകൾക്കും ഇഷ്ടമാണ്. നമ്മുടെ മീറ്റ് മസാല വാങ്ങി കുക്ക് ചെയ്തിട്ട് ഇറച്ചിക്കറിക്ക് നല്ല രുചിയായിരുന്നെന്നു പറയുന്നവരാണേ...!