രുചിക്കും സന്തോഷത്തിനും വേണ്ടി എന്തിനാണ് മറ്റു ജീവനുകളെ ബലികഴിക്കുന്നത്? ആരും തെറ്റിദ്ധരിക്കരുത്: അപർണ
Mail This Article
മനോഹരമായി മലയാളം പറഞ്ഞ് മലയാളികളെ ഞെട്ടിച്ച വിദേശ വനിതയാണ് അപർണ മൾബറി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും ഓൺലൈൻ ഇംഗ്ലിഷ് അധ്യാപകയുമൊക്കെയായ അപർണയെ അറിയാത്തവർ ചുരുക്കമാണ്. സമൂഹ മാധ്യമങ്ങളിലെ അപർണയുടെ മിക്ക വിഡിയോകളും വൈറലാണ്. അതിൽ ഇംഗ്ലിഷ് ക്ലാസുകൾ മാത്രമല്ല, ഭക്ഷണവുമായി ബന്ധപ്പെട്ട വിഡിയോകളും ഉണ്ട്. അപർണ മൾബറി ഭക്ഷണപ്രിയയാണ് എന്നതുതന്നെ. ചെറിയ പ്രായത്തിൽ കേരളത്തിൽ ജീവിച്ചതിനാൽ അപർണയ്ക്ക് നമ്മുടെ നാടിനോടും സംസ്കാരത്തോടും പ്രത്യേക ഇഷ്ടവും ബഹുമാനവുമാണ്.
സദ്യയുണ്ടെങ്കിൽ വേറൊന്നും വേണ്ട
ഭക്ഷണം കഴിക്കുന്നത് അപർണയ്ക്കു മടുക്കില്ല, ഊണാണെങ്കിൽ പ്രത്യേകിച്ചും. അപർണയുടെ വൈറലായ ഒരു റീലിന്റെ ക്യാപ്ഷൻ, താൻ വലിയൊരു ഭക്ഷണപ്രിയയാണെന്നാണ്. താരത്തിന്റെ പ്രിയ ഭക്ഷണങ്ങൾ ഇവയാണ്– ജാപ്പനീസ്, തായ്, എത്യോപ്യൻ, പിന്നെ സ്വന്തം കേരള ഫൂഡും. സ്വാദുള്ള എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കുന്ന ആളാണ് അപർണ. എന്നാൽ ആരോഗ്യത്തിനും ആരോഗ്യകരമായ ഭക്ഷണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു, അതിനാൽ എണ്ണമയമുള്ളതും വറുത്തതും അമിതമായി വേവിച്ചതുമായ ഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കും.
അപർണയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം ഇഡ്ഡലിയും ചമ്മന്തിയുമാണ്. ചിലപ്പോഴൊക്കെ ഒരു ബൗൾ ഫ്രഷ് ഫ്രൂട്ട്സും കഴിക്കാറുണ്ട്. ഉച്ചയ്ക്ക് എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിച്ചാൽ ആദ്യ ഉത്തരം സദ്യ എന്നു തന്നെയാണ്. ‘‘എന്റെ പ്രിയപ്പെട്ട ഉച്ചഭക്ഷണമാണ് കേരള സദ്യ. അതിൽ തന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കറികളാണ് അവിയലും ബീറ്റ്റൂട്ട് തോരനും.’’ നമ്മുടെ അച്ചാറുകളോടും അപർണയ്ക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഫ്രിജിൽ നാരങ്ങ, മാങ്ങ, നെല്ലിക്ക, വെളുത്തുള്ളി, വഴുതന എന്നിവയുടെ അച്ചാറുകൾ എപ്പോഴും ഉണ്ടാകുമെന്നാണ് അപർണ പറയുന്നത്. ‘‘രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, അതിനാൽ സാധാരണയായി ബ്രോക്ക്ളി, ഗ്രീൻ ബീൻസ്, ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ ആവിയിൽ വേവിച്ച് മുകളിൽ ഒലിവ് ഓയിലും സോയാസോസും അച്ചാറും ചേർത്ത് കഴിക്കാറാണ് പതിവ്.
വർഷങ്ങളോളം മീൻ വിഭവങ്ങൾ കഴിച്ചിരുന്നു, ഇപ്പോൾ വെജിറ്റേറിയൻ
‘‘ഞാൻ വർഷങ്ങളോളം മീൻവിഭവങ്ങൾ കഴിച്ചിരുന്നതാണ്. എന്നാൽ അടുത്തിടെ നിർത്തി. ഇപ്പോൾ വെജിറ്റേറിയൻ വിഭവങ്ങളാണ് കഴിക്കുന്നത്. വെജിറ്റേറിയൻ ആയതിനാൽ, പുളിപ്പിച്ച സോയയായ ടെമ്പ് ആണ് പ്രോട്ടീൻ ഇൻടേക്കിനായി കൂടുതൽ കഴിക്കുന്നത്. കൂടാതെ ഫാമുകളിൽ നിന്നുള്ള മുട്ടയും കഴിക്കുന്നുണ്ട്. ബ്രോയിലർ കോഴിയിറച്ചിയും മുട്ടയും കഴിക്കാറില്ല. ബ്രോയിലർ കോഴികളെ ഉൽപാദിപ്പിക്കുന്നത് എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കുമറിയാം. ആ പ്രോസസിങ് എനിക്ക് ഇഷ്ടമല്ല.
നമ്മുടെ രുചിക്കും സന്തോഷത്തിനും വേണ്ടി മറ്റൊരു ജീവൻ ബലി കഴിക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല. സ്വതന്ത്രമായി വിഹരിക്കുന്ന, സന്തോഷമുള്ള കോഴികളുള്ള ചെറിയ ഫാമുകളിലെ മുട്ടകളാണ് ഞാൻ ഉപയോഗിക്കാറ്. വെജിറ്റേറിയനായി തുടരാനുള്ള എന്റെ പ്രചോദനം എന്റെ താൽക്കാലിക സന്തോഷത്തേക്കാൾ ഒരു ജീവനെ വിലമതിക്കുന്നു എന്ന ചിന്തയാണ്. നിഷ്കളങ്കരായ ജീവാത്മാക്കളോട് അനീതിപരമായ പെരുമാറ്റവും കശാപ്പുമല്ലാതെ, മറ്റ് പല വഴികളിലൂടെയും നമുക്ക് ആനന്ദം കണ്ടെത്താനാകും. ഈ പറഞ്ഞതെല്ലാം എന്റെ മാത്രം അഭിപ്രായമാണ്. മറ്റുള്ളവർ അത് എങ്ങനെ കാണുന്നുവെന്ന് പറയാനാകില്ല. ഞാൻ പറഞ്ഞതിനെ ആരും തെറ്റിദ്ധരിക്കരുത്.’’
പങ്കാളിയാണ് വീട്ടിലെ ഷെഫ്
ബിഗ്ബോസിലൂടെയായിരുന്നു അപർണ താനൊരു ലെസ്ബിയൻ ആണെന്ന് തുറന്നുപറഞ്ഞത്. അപർണയുടെ സ്വകാര്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തലായിരുന്നു അത്. അമൃതശ്രീയെന്നാണ് അപർണയുടെ പാർട്ണറുടെ പേര്. തന്റെ ഏറ്റവും വലിയ ഫാനും തന്നെ പിന്തുണയ്ക്കുന്ന ആളും അമൃതയാണെന്നും അപർണ പറഞ്ഞു. ഭക്ഷണപ്രിയ താനാണെങ്കിലും വീട്ടിലെ മെയ്ൻ ഷെഫ് പങ്കാള് അമൃതശ്രീയാണെന്ന് അപർണ. ‘‘എന്നാലും ഞാൻ ഉണ്ടാക്കുന്ന സലാഡുകളും മുട്ട കൊണ്ടുണ്ടാക്കുന്ന മെക്സിക്കൻ പ്രഭാത ഭക്ഷണമായ ചിലിക്കുകളും പുള്ളിക്കാരിക്ക് ഇഷ്ടമാണ്. എന്നെ എല്ലാ കാര്യത്തിനും പിന്തുണയ്ക്കുന്നത് അമൃതശ്രീയാണ്. അവരുടെ സപ്പോർട്ടാണ് മുന്നോട്ട് നയിക്കുന്നത്.’’
അപർണയുടെ പല റസിപ്പികളും വൈറലായിട്ടുണ്ട്. ഹോം മെയ്ഡ് ന്യൂടെല്ല അതിൽ ഏറെ പ്രശസ്തമാണ്. നമ്മൾ വാങ്ങുന്ന ന്യൂടെല്ലയിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ കണ്ടപ്പോൾ, അതുവരെ ഏറ്റവും ഇഷ്ടത്തോടെ കഴിച്ചിരുന്ന ആ സാധനം പിന്നെ തനിക്ക് കഴിക്കാൻ പേടിയായെന്നും അങ്ങനെയാണ് ഓർഗാനിക്കായി വീട്ടിൽത്തന്നെ അത് ഉണ്ടാക്കാമെന്ന് തീരുമാനിക്കുന്നതെന്നും അപർണ പറയുന്നു.
അപർണയുടെ ഹോം മെയ്ഡ് ഹെൽത്തി ന്യൂടെല്ലയുടെ റസിപ്പി ഇതാ.
1 കപ്പ് ഹസൽനട്ട്സ്
1/2 കപ്പ് കോക്കനട്ട് പഞ്ചസാര
1/2 കപ്പ് ഹസൽനട്ട് പാൽ
4 ടീസ്പൂൺ 100% കൊക്കോ പൊടി
2 ടീസ്പൂൺ എക്ട്രാ വെർജിൻ ഒലിവ് ഓയിൽ
4 സ്പൂൺ വെളിച്ചെണ്ണ
തേൻ 2 സ്പൂൺ
ഒരു നുള്ള് ഉപ്പ്
ഇതെല്ലാം കൂടി ഒരു മിക്സി ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. തുടർന്ന് ഈ മിശ്രിതം കട്ടിയാകാൻ വേണ്ടി കുറച്ചുമണിക്കൂറുകൾ ഫ്രിജിൽ വയ്ക്കാം. ഹോം മെയ്ഡ് ന്യൂടെല്ല റെഡി. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ന്യൂടെല്ല വളരെ ഹെൽത്തിയായി ഇനി ഉണ്ടാക്കിക്കൊടുക്കാം.