വാങ്ങിയ കുങ്കുമപ്പൂവ് നല്ലതാണോ? അറിയാം ഇങ്ങനെ!
Mail This Article
കുങ്കുമപ്പൂവ്, ജാതിക്ക, കറുവപ്പട്ട തുടങ്ങിയവ തണുപ്പുകാലത്തു ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആയുർവേദം പറയുന്നു. ഇവ ശരീരത്തിന് കൂടുതൽ ചൂട് നൽകുകയും പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഈ സുഗന്ധവ്യഞ്ജനങ്ങളിൽ വലിയ തോതിൽ മായം ചേരുന്നുണ്ട്. അവ കഴിച്ചാൽ ശാരീരികമായി വളരെയധികം പ്രത്യാഘാതങ്ങളുണ്ടാക്കും. വിപണിയിൽ വലിയ വിലയീടാക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. ഇതിലും മായം ചേർക്കുന്നുണ്ട്. അതെങ്ങനെ കണ്ടുപിടിക്കാമെന്നു നോക്കാം.
കുങ്കുമപ്പൂവിൽ ചോളത്തിന്റെ ഉണങ്ങിയ കതിര് ചേർക്കുന്നുണ്ട്. അത് ഭക്ഷിക്കുന്നത് ശാരീരിക അസ്വസ്ഥതകൾക്കു കാരണമാകും. ഗ്യാസ്ട്രബിൾ, വയറിളക്കം, വയറുവീർക്കുക തുടങ്ങിയവയാണ് അനന്തരഫലങ്ങൾ. ഈ മായം തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്. അതിനായി ഒരു ഗ്ലാസ് ചൂടുവെള്ളമെടുക്കുക. 70 - 80 ഡിഗ്രി ചൂടുള്ള വെള്ളമാണ് ആവശ്യം. അതിലേക്ക് കുറച്ചു കുങ്കുമപ്പൂവ് ചേർത്തുകൊടുക്കാം. മായമില്ലെങ്കിൽ വളരെ സാവധാനം മാത്രമേ കുങ്കുമപ്പൂവിന്റെ നിറം വെള്ളത്തിൽ കലരൂ. മായമുണ്ടെങ്കിൽ വളരെ വേഗം നിറം വെള്ളത്തിൽ കലരും.
ഭക്ഷ്യ വസ്തുക്കളിലെ മായം ഹൃദയത്തിന്റെയും കരളിന്റെയും കിഡ്‌നിയുടെയും പ്രവർത്തനങ്ങളെ ബാധിക്കാം. മാത്രമല്ല, വയറിനും പല തരത്തിലുള്ള അസ്വസ്ഥതകൾക്കു സാധ്യതയുണ്ട്.